മാസ്റ്റർ ശരത്
ഫാസിൽ നിർമ്മിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് രണ്ടാംക്ലാസ്സ് വിദ്യാർത്ഥിയായ ശരത് പ്രകാശ് എന്ന മാസ്റ്റർ ശരത് സിനിമയിലെത്തുന്നത്. പിന്നീട് ദി പ്രിൻസ്, അടിവാരം തുടങ്ങിയ സിനിമകളിലും, ദൂരദർശൻ സംപ്രേഷണം ചെയ്ത സീമന്തം എന്ന സീരിയലിലും ബാലതാരമായി അഭിനയിച്ചു.
തിരുവനന്തപുരം സ്വദേശിയും പരസ്യ ഏജൻസി ഉടമയുമായ പ്രകാശിൻ്റെയും, ചിത്രകാരിയായ മിനി പ്രകാശിൻ്റെയും മകനായ ശരത്തിൻ്റെ സ്കൂൾ വിദ്യാഭ്യാസം കൊച്ചിയിലെ ഏരൂർ ഭവൻസ് വിദ്യാമന്ദിറിലായിരുന്നു. തുടർന്ന് മുംബൈ സെൻ്റ് സേവ്യേഴ്സ് കോളേജിലെ ബിരുദപഠനത്തിനു ശേഷം രണ്ടു വർഷം മാർക്കറ്റിംഗ് റിസർച്ച് മേഖലയിൽ ജോലി ചെയ്തു. പിന്നീട് കുറച്ചുകാലം മോഡലിംഗ് രംഗത്തുണ്ടായിരുന്ന ഇദ്ദേഹം, ഇന്ത്യാഗേറ്റ് ബസ്മതി റൈസിൻ്റേതടക്കം ചില പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും അംഗീകാരങ്ങൾ നേടുകയും ചെയ്ത ബനോഫീ പൈ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്യുകയും അതിലഭിനയിക്കുകയും ചെയ്തു.
നിലവിൽ പരസ്യമേഖലയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം മോഹൻലാൽ, ദുൽഖൽ സൽമാൻ, മഞ്ജുവാര്യർ, നീരജ് മാധവ് അടക്കമുള്ള താരങ്ങൾ അഭിനയിച്ച പരസ്യങ്ങൾക്ക് സ്ക്രിപ്റ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്. ശരതിൻ്റെ സഹോദരൻ ഹേമന്ദ് പ്രകാശും പരസ്യരംഗത്ത് തന്നെയാണ് പ്രവർത്തിക്കുന്നത്.
ഐ ടി പ്രൊഫഷണലായ വൈഷ്ണവിയാണ് ശരതിൻ്റെ ഭാര്യ. മകൻ്റെ പേര് സത്യ ശരത്.