മഞ്ജുളൻ

Manjulan

മഞ്ജുളൻ കെ വി - പയ്യന്നൂര്‍ പെരുന്തട്ട സ്വദേശിയായ മഞ്ജുളന്‍ തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് നാടകത്തില്‍ ഒന്നാം‌ റാങ്കോടെ ബിരുദം നേടി. കാലടി സര്‍വകലാശാലയില്‍ നിന്ന് ക്ലാസിക്കല്‍ തീയേറ്ററില്‍ ബിരുദാനന്തര ബിരുദവും നേടി. 1997ല്‍ കലിക്കറ്റ് സര്‍വകലാശാലയുടെ ജി ശങ്കരപ്പിള്ള എന്‍ഡോവ്മെന്റ്, 1998ല്‍ സംഗീതനാടക അക്കാദമി അമേച്വര്‍ നാടകമത്സരത്തില്‍ കേളു എന്ന നാടകത്തിന് മികച്ച സംവിധായകനുള്ള അവാര്‍ഡ്,  2000 ൽ കോഴിക്കോട് കോര്‍പ്പറേഷന്‍ നടത്തിയ നാടക മത്സരത്തിൽ ചെ ഗുവേര നാടകത്തില്‍ ചെയുടെ വേഷത്തിലൂടെ മികച്ച നടനുള്ള അവാര്‍ഡ്, കുട്ടികളുടെ നാടകവേദിയെക്കുറിച്ചുള്ള പഠനത്തിന് മാനവവിഭവശേഷിവകുപ്പിന്റെ ഫെലോഷിപ്, 2013ല്‍ എംബ്രിയോ എന്ന നാടകത്തിന് സംവിധായകനുള്ള അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഇന്ത്യയുടെ അകത്തും പുറത്തും നിരവധി തീയേറ്റർ വര്‍ക്ഷോപ്പുകളില്‍ പരിശീലകനാണ് അദ്ദേഹം. ഏകാംഗ നാടകവേദികളിലെ സജീവ സാന്നിധ്യമായ അദ്ദേഹത്തിന്റെ, "കൂനന്‍' എന്ന ഏകാംഗനാടകം ആയിരത്തിയഞ്ഞൂറിലധികം വേദികൾ പിന്നിട്ടിട്ടുണ്ട്. അശോക് ആർ നാഥ് സംവിധാനം ചെയ്ത ഡിസംബര്‍ എന്ന ചിത്രത്തിൽ മഞ്ജുളന്‍ നായകനായി. അപരിചിതൻ, പ്രജാപതി, ഭാഗ്യദേവത തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ജനപ്രിയമായ നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അവലംബം: ദേശാഭിമാനിയിലെ കൂനന്‍: നടന്‍ വിജയിച്ച യുദ്ധം എന്ന ലേഖനം