മാധവികുട്ടി
മാതൃഭൂമി മാനേജിംഗ് എഡിറ്ററായിരുന്ന വി എം നായരുടേയും പ്രശസ്ത സാഹിത്യകാരി ബാലമണിയമ്മയുടേയും മകളായി തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് ജനിച്ചു. കമല ദാസ് എന്നായിരുന്നു യഥാർത്ഥ നാമം. കമലയുടെ അച്ഛന് കൽക്കത്തയിൽ ജോലിയായിരുന്നതിനാൽ കുട്ടിക്കാലം കൽക്കത്തയിലായിരുന്നു.
അമ്മയായ ബാലാമണിയമ്മയുടേയും വലിയമ്മാമനായ നാലപ്പാട്ട് നാരായണമേനോന്റേയും സാഹിത്യാഭിരുചികൾ കുട്ടിക്കാലം മുതലേ കമലയെ സ്വാധീനിച്ചിരുന്നു. 1955 -ൽ മതിലുകൾ എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചുകൊണ്ടാണ് കമലാദാസ് സാഹിത്യരംഗത്ത് തുടക്കം കുറിക്കുന്നത്. തുടർന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കഥകൾ എഴുതി പ്രസിദ്ധീകരിച്ചു. മലയാളത്തിൽ മാധവികുട്ടി എന്ന പേരിലും ഇംഗ്ലീഷിൽ കമലാദാസ് എന്ന പേരിലുമാണ് അവർ എഴുതിയത്.
മാധവികുട്ടിയുടെ കഥയായ രുഗ്മിണി 1989 -ൽ കെ പി കുമാരന്റെ സംവിധാനത്തിൽ സിനിമയായി ഇറങ്ങിയിട്ടുണ്ട്. രുഗ്മിണിക്ക് തിരക്കഥ എഴുതിയതും മാധവിക്കുട്ടിയായിരുന്നു. അതിനുശേഷം അവരുടെ മഴ എന്ന കഥയ്ക്ക് ലെനിൻ രാജേന്ദ്രനും, കഥവീട് എന്ന കഥയ്ക്ക് സോഹൻലാലും ചലച്ചിത്രഭാഷ്യമൊരുക്കി. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, പെൻ ഏഷ്യൻ പോയട്രി പ്രൈസ്, ഏഷ്യൻ പോയട്രി പ്രൈസ് എന്നിവയുൾപ്പെടെ സാഹിത്യമേഖലയിലെ നിരവധി പുരസ്ക്കാരങ്ങൾക്ക് മാധവികുട്ടി അർഹയായിട്ടുണ്ട്. 1999 -ൽ തന്റെ അറുപത്തിയഞ്ചാം വയസ്സിൽ ഇസ്ലാം മതം സ്വീകരിച്ച മാധവിക്കുട്ടി കമല സുരയ്യ എന്ന പേര് സ്വീകരിച്ചു.
മാധവിക്കുട്ടിയുടെ ഭർത്താവ് പരേതനായ മാധവദാസ്. മക്കൾ മാധവദാസ്, ചിന്നൻ ദാസ്, ജയസൂര്യ ദാസ്. 2009 മെയിൽ മാധവിക്കുട്ടി അന്തരിച്ചു.