വെറുതെ മിഴിനീട്ടുമീ

വെറുതെ മിഴിനീട്ടുമീ ജാലകത്തിനപ്പുറം
സുഖമുള്ള വെയിലിന്‍റെ വീചികള്‍ ചിതറുമ്പോള്‍
ആത്മാവിന്‍ ഇതളുകളില്‍ എവിടെയോ
മാഞ്ഞു പോയ മഷിത്തുള്ളികള്‍ വീണ്ടും തെളിയുന്നു
(ആത്മാവിന്‍ ഇതളുകളില്‍)

വാനം നോക്കി കിടക്കുമീ വയല്‍വരമ്പുകളില്‍
നീ ചിതറി പോകുമീ മഞ്ഞു തുള്ളികള്‍ തന്‍
നേരിയ തണുപ്പ് നീയറിയാതെ എന്‍റെ
ഏകാന്ത ചിന്തകളില്‍ നിറയുന്നൂ..നിറയുന്നൂ..
(വാനം നോക്കി കിടക്കുമീ)

ഈറനാര്‍ന്ന മുടിക്കുള്ളിലെവിടെയോ
എന്‍റെ പ്രകൃതിയും പ്രാണനും നിറയുമ്പോള്‍
(ഈറനാര്‍ന്ന)
ചായം തേയ്ക്കാതെ വിടരുന്ന ആമ്പല്‍പ്പൂക്കള്‍
പൌര്‍ണ്ണമിയെ പുണരുന്നൂ
നീല രാവിന്‍റെ പൂക്കാത്ത ചില്ലകള്‍
നിന്‍ രൂപമായ്‌ വന്നെന്നെ തഴുകുന്നു..തഴുകുന്നു

വേനല്‍ വിണ്ടു കീറുമീ എന്‍റെ സ്വപ്നങ്ങളില്‍
ഒറ്റമഴയായ്‌ വന്നു പോയി നീ
ഉള്ളിലേക്കൂര്‍ന്നിറങ്ങും കാടപക്ഷിപ്പോല്‍
എന്‍റെ നെഞ്ചിലെ കൂടുകള്‍ തുറന്നു പോയി
മുറിയില്‍ നിറയുമീ ഏതോ സുഗന്ധത്തില്‍
കാണാതെ പോയൊരു നിന്‍ വളപ്പൊട്ടുകള്‍
ചിതറുമ്പോള്‍,എവിടെ എന്നെനിക്കറിയില്ലെങ്കിലും
കറങ്ങുമീ ഭൂഗോളം വീണ്ടും ഒരു മഴവില്ലായ്‌
മഴവില്ലായ്,നിന്നെ എന്നോട് ചേര്‍ത്തെങ്കില്‍
നിന്നെ എന്നോട് ചേര്‍ത്തെങ്കില്‍........
(വെറുതെ മിഴിനീട്ടുമീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Veruthe mizhi neettumee

Additional Info

Year: 
2016

അനുബന്ധവർത്തമാനം