വർണ്ണപുഷ്പങ്ങൾ

വർണ്ണപുഷ്പങ്ങൾ വാരിത്തൂകും
വസന്തസന്ധ്യകളേ
സ്വർണ്ണരഥങ്ങളിലെന്തിനു വന്നൂ
സ്വർഗ്ഗകുമാരികളേ
ഏഴു തിരിയിട്ടു വിളക്കു കൊളുത്തിയ ഞാൻ
എതിരേറ്റവളല്ലേ നിങ്ങളെ
എതിരേറ്റവളല്ലേ
താമരവളയക്കൈകൾ കൂപ്പി
തപസ്സിരുന്നവളല്ലേ (വർണ്ണ...)

ആരു നീ...ആരു നീ...
ആശ്രമകന്യകയാരോ നീ
അരുന്ധതിയോ അഹല്യയോ
അപ്സരസുന്ദരിയോ
കാശ്യപമുനിയെ കണ്ടു തൊഴാൻ വന്ന
കാനനദേവതയോ
ദമയന്തിയോ മൈഥിലിയോ ദ്രുപദരാജപുത്രിയോ
ദേവഗുരുവിനെ പരിചരിക്കാൻ വന്ന
ദേവകുമാരികയോ (ആരുനീ...‌)

പൂവമ്പൻ കാണാത്ത പൂവള്ളിക്കുടിലിലെ
പൂജാമലരായ് വിടർന്നവളാണു ഞാൻ
മാലിനീ തീരത്തെ പർണ്ണശാലക്കുള്ളിൽ
മാനോടൊത്തു വളർന്നവളാണു ഞാൻ
ദേവേന്ദ്ര സദസ്സിലെ മേനക പ്രസവിച്ച
താപസപുത്രിയാം ശകുന്തളയാണു ഞാൻ
കല്യാനരൂപനൊരാൾ ചൂടി വലിച്ചെറിഞ്ഞ
കണ്ണീരിൽ വീണുപോയ വനജ്യോത്സ്നയാണു ഞാൻ (പൂവമ്പൻ...)

വിരഹാഗ്നിയിലിട്ടെന്നോ
വിശ്വാമിത്രന്റെ പുത്രിയെ
എരിഞ്ഞു ഭസ്മമായ്ത്തീരു
മവനെൻ ശാപവഹ്നിയിൽ
അന്നു ജനിച്ച നാൾ കാന്താരവീഥിയിൽ
എന്നെയുപേക്ഷിച്ചു പോയ മഹാമുനേ
അങ്ങയെക്കാൾ ക്രൂരനല്ലെൻ വല്ലഭൻ
അങ്ങയെക്കാൾ പാപിയല്ല പ്രാണേശ്വരൻ
അങ്ങേക്കറിയില്ലൊരച്ഛന്റെ വാത്സല്യ
മങ്ങേക്കറിയില്ല പുത്രി തൻ വേദന
ശാപശരങ്ങൾ പ്രതിസംഹരിക്കുമോ
ദേവാ നിൻ പുത്രി സനാഥയായ് തീരുമോ (വർണ്ണ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varna Pushpangalaal

Additional Info

അനുബന്ധവർത്തമാനം