ഉത്തരാഗാരത്തിലുഷ

ഉത്തരാഗാരത്തിലുഷ
നിദ്ര വിട്ടുണർന്നു മെല്ലെ മെല്ലെ
പുഷ്പകത്തിൽ വന്ന ദേവൻ
സ്വപ്ന ലോകം കവർന്നല്ലോ

പാർവ്വണേന്ദു മുഖം മിന്നി
പങ്കജ നയന ചൊല്ലി
തോഴീ ചിത്രലേഖേ നീയെൻ
ജീവനെ തിരഞ്ഞിടേണം
പഞ്ചസായകനെൻ നെഞ്ചിൽ
കഞ്ജബാണമെയ്തിടുന്നു
നെഞ്ചകം മദന മലർ
മഞ്ചമായ് ചമഞ്ഞിടുന്നു (ഉത്തരാ...)

സ്വർഗ്ഗദൂതനെപ്പോൽ വന്നെൻ
ചപ്രമഞ്ചം തേടി നാഥൻ
അപ്രമേയനവനാരോ
അംഗനാഹൃദയചോരൻ
ചിത്രലേഖ തൻ ലേഖനി
ചിത്രങ്ങൾ വരച്ചു മായ്ച്ചു
സുന്ദരൻ അനിരുദ്ധൻ തൻ
മന്ദഹാസം ലേഖിതമായ്
ചഞ്ചലമിഴികളാടി
കൊഞ്ചലോടെയുഷസ്സോതി
എന്റെ ചിത്തം കവർന്നോരു
ഗന്ധർവനിവനേ തോഴീ (ഉത്തരാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Utharagarathil usha

Additional Info

അനുബന്ധവർത്തമാനം