പറയുവാനാകാത്തൊരായിരം കദനങ്ങൾ
പറയുവാനാകാത്തൊരായിരം കദനങ്ങൾ
ഹൃദയത്തിൽ മുട്ടി വിളിച്ചിടുമ്പോൾ
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് പാടുവാൻ
കഴിയുമോ രാക്കിളീ കൂട്ടുകാരീ
ഇനിയെൻ കരൾക്കൂട്ടിൽ നിനവിന്റെ കുയിൽ മുട്ട
അട പൊട്ടി വിരിയുമോ പാട്ടുകാരീ
ഇനിയെന്റെ ഓർമ്മകളിൽ നിറമുള്ള പാട്ടുകൾ
മണിവീണ മൂളുമോ കൂട്ടുകാരീ
നഷ്ടമോഹങ്ങൾക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാൻ കൂട്ടുകാരീ
ഇഷ്ടമോഹങ്ങൾക്കു വർണ്ണരാഗം ചേർത്തു
പട്ടു നെയ്യുന്നൂ നീ പാട്ടുകാരീ
നഷ്ടമോഹങ്ങൾക്കു മേലടയിരിക്കുന്ന
പക്ഷിയാണിന്നു ഞാൻ കൂട്ടുകാരീ
നിറമുള്ള ജീവിത സ്പന്ദനങ്ങൾ
തല ചായ്ച്ചുറങ്ങാനൊരുക്കമായീ
ഹിമബിന്ദുഇലയിൽ നിന്നൂർന്നു വീഴും പോലെ
സുഭഗം ക്ഷണികം ഇതു ജീവിതം
വീണ്ടുമൊരു സന്ധ്യ മായുന്നൂ വിഷാദാർദ്ര
രാഗമായ് കടലു തേങ്ങിടുന്നു
ആരോ വിരൽത്തുമ്പു കൊണ്ടെന്റെ തീരത്ത്
മായാത്ത ചിത്രം വരച്ചിടുന്നു
തിരയെത്ര വന്നു പോയെങ്കിലും തീരത്ത്
വരയൊന്നു മാഞ്ഞതേയില്ലിത്ര നാൾ
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് തിരകളെ
തഴുകുവാൻ കഴിയുമോ കൂട്ടുകാരീ
പറയാൻ മറന്നൊരു വാക്കു പോൽ ജീവിതം
പ്രിയമുള്ള നൊമ്പരം ചേർത്തു വെച്ചു
ഒപ്പം നടക്കുവാനാകാശാവീഥിയിൽ
ദുഃഖ ചന്ദ്രക്കല ബാക്കിയായീ
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്കുറങ്ങുവാൻ
മൗനരാഗം തരൂ കൂട്ടുകാരീ
വിടവുള്ള ജനലിലൂടാർദ്രമായ് പുലരിയിൽ
ഒരു തുണ്ട് വെട്ടം കടന്നു വന്നു
ഓർമ്മപ്പെടുത്തലായപ്പോഴും ദുഃഖങ്ങൾ
ജാലകപ്പടിയിൽ പതുങ്ങി നിന്നു
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് തിരകളെ
തഴുകുവാൻ കഴിയുമോ കൂട്ടുകാരീ
കൂട്ടി കുറച്ചു ഗുണിക്കുമ്പൊഴൊക്കെയും
തെറ്റുന്നു ജീവിത പുസ്തകത്താൾ
കാണാക്കണക്കിൻ കളങ്ങളിൽ
കണ്ണുനീർ പേനത്തലപ്പിൽ നിന്നൂർന്നു വീണു
ദുഃഖിക്കുവാൻ വേണ്ടി മാത്രമാണെങ്കിലീ
നിർബന്ധ ജീവിതം ആർക്കു വേണ്ടി
പ്രിയമുള്ള രാക്കിളീ ... നീ നിന്റെ പാട്ടിലെ
ചോദ്യം വിഷാദം പൊതിഞ്ഞു തന്നൂ
ഒറ്റയ്ക്കിരിക്കുമ്പൊഴൊക്കെയും
കണ്ണുനീരൊപ്പമാപാഥേയമുണ്ണുന്നു ഞാൻ
ഇനിയെനിക്കിവിടിരുന്നൊറ്റയ്ക്ക് കരയുവാൻ
കണ്ണീരു കൂട്ടിനില്ല .....