ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി

ഇല്ലത്തെ കല്യാണത്തിനു മാറാപ്പും തോളിൽ കെട്ടി
ആകാശോം ഭൂമീം പോകുന്നു
കൈയ്യിൽ വെള്ളിത്താലം  കൊണ്ട്
മുടി കെട്ടി പൂവും ചൂടി വാർമേഘപ്പെണ്ണും പോകുന്നു
ഓ.കുടമുല്ല പന്തലു വേണം തകിൽ മേളം വേണം
നെയ് വിളക്കു പൊൻ നാളത്താൽ തിരിയേഴും തെളിയേണം
പൂവാരി തൂവാൻ കൂടെ നീയും പോരൂ  (ഇല്ലത്തെ...)

മാരിവില്ലു താളിൽ കാലം നാൾ കുറിക്കയോ
പൊന്നുരച്ചു മിന്നൽ തീർത്തോ പ്രേമലേഖനം
തൂ നിലാവു മഞ്ഞൾ തേയ്ക്കും താലിനൂലുമായ്
കനകതാലമായോ വിണ്ണിൽ പാർവണേന്ദുവും
നറുചന്ദനത്തിനാൽ വരകുറി അണിയുന്നു രാവുകൾ
പുടവക്കു വെണ്ണിലാ തളിർക്കരം കസവിട്ടു തന്നുവോ
ഓ നീ ചൂടും വൈഡൂര്യങ്ങൾ താരാജാലം
നീ മൂടും ചേല പട്ടായ് നീലാകാശം   (ഇല്ലത്തെ...)

പൂജ വെച്ചു കാവിൽ പൊന്നിൻ താലി ആലില
ഹോമ മന്ത്ര പാദം പാടി പാതിരാക്കിളി
നീർക്കടമ്പു പൊട്ടുംചാർത്തി തോഴിമാരുമായ്
മണമുതിർന്ന മാല്യം നീട്ടി  മാരനൂലുകൾ
ജലപുഷ്പതീർത്ഥമായ് തളിക്കുവാൻ നദികൾക്കു മത്സരം
ഒരു മൺ ചെരാതു കൺ നിറഞ്ഞിതാ ഉഴിയുന്നു നിൻ മുഖം
നീ ചൂടും ഈ മഞ്ജീരം പൂവായ് തീരാൻ
നേരാമിന്നേതോ  മൗനം നേരായ് കാവിൽ (ഇല്ലത്തെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Illathe Kallyanathinu (F)

Additional Info

Year: 
2004

അനുബന്ധവർത്തമാനം