ആടി ഞാൻ കദംബ വനികയിൽ
ആടി ഞാൻ കദംബ വനികയിൽ
രാധയായ്, മയൂരമായ്
നീന്തി ഞാൻ അനുരാഗ യമുനയിൽ
മീരയായ്, മരാളമായ്
ചിഞ്ചിലം കളനൂപുരങ്ങളിൽ
നിന്നുതിർന്നൊരു മണികളായ്
മമ ജന്മമെത്ര കൊഴിഞ്ഞു പോയ്
ഇന്നുമിങ്ങനെ സ്വപ്ന സന്നിഭ
മന്ദിരാങ്കണ വേദിയിൽ
വരികയായ് വരികയായ്
ബോധ പത്മ ദലങ്ങളിൽ
ചിര ജീവ നർത്തനമാടുവാൻ
കാറ്റു വന്നു വിളിച്ച മാത്രയിൽ
പൂത്ത ചില്ലകൾ മാതിരി
രാതി മെല്ലെ വിളിക്കെ, ആടക-
ളൂരി വന്ന നിലാവു പോൽ
കാലമേ തവ ഡമരുകത്തിലെ
താള ഭേദ ലയങ്ങളിൽ
സാഗരാഗ്നി കണക്കെയുള്ളിലെ
ദാഹമെന്തിനുണർന്നു പോയ്
ഹോമകുണ്ഠമെരിഞ്ഞതിൽ
ഉടലോടെ വീണു ശമിച്ചു ഞാൻ
ഉമയായതും ചിതയായതും
ഹിമശൈല സൈകത ഭൂമിയിൽ
ശിവ ശ്യാമ ശിലയിലുടഞ്ഞതും
മണിനാഗമായ്, ശലഭാഗ്നിയായ്
പല ജന്മമൂരിയെറിഞ്ഞതും
വർഷ ഹർഷ തടങ്ങളിൽ
പഞ്ചാഗ്നി മധ്യ തലങ്ങളിൽ
സ്വപ്ന സുപ്തി യുണർച്ചയിൽ
പ്രചണ്ഡ വാത പഥങ്ങളിൽ
നിത്യ വിസ്‌മൃതിയെത്തുവോളം
ഈ നർത്തനം മമ നർത്തനം
നർത്തനം മമ നർത്തനം