നടവരമ്പത്തൊരു
നടവരമ്പത്തൊരു വിദ്യാലയം
നന്മകൾ പൂക്കുന്ന സ്നേഹാലയം
പല വഴിവരമ്പുകൾ പിന്നിട്ടു നാമെന്നു-
മണയാൻ കൊതിക്കുന്ന ക്ഷേത്രാങ്കണം
പാതിമെയ് മാത്രം മറച്ചും
പച്ച വെയിലിന്റെ കാഠിന്യമേറ്റും
നേരിന്റെ നേർവഴി മാത്രം കാട്ടുന്ന
മുത്തശ്ശൻ കാക്കുന്ന വിദ്യാലയം, ഗാന്ധി
മുത്തശ്ശൻ കാക്കുന്ന വിദ്യാലയം
ബാല്യ കൗമാരങ്ങൾ ആടിയും പാടിയും
ജീവൻ പകർന്നൊരാ രംഗഭൂവിൽ
തോളത്തു കയ്യിട്ടു കൂട്ട് കൂടിപ്പോകാം,
നെല്ലിത്തണലത്തു ചെന്നിരിക്കാം
പിന്നിട്ട ജീവിതയാത്രകൾ തൻ
പൊതിച്ചോറൊന്നുചേർന്നങ്ങു പങ്കു വയ്ക്കാം
ആറാത്ത ഓർമ്മകൾ പങ്കു വയ്ക്കാം
കാൽപ്പന്തുകളിയുടെ ആരവം കേട്ടിട്ട്
കൈ കൊട്ടുമീ മുളംകാട് പോലെ
കലപില കൂട്ടി രസിക്കാം, ചിരിക്കാം
പിന്നിത്തിരി നോവായി മടങ്ങാം
പോകുംവഴിക്കു മതിവരാതെ,
വെറുതെയൊന്നങ്ങ് തിരിഞ്ഞു നോക്കാം, ഇടയ്ക്കിടെ
വെറുതെയൊന്നങ്ങ് തിരിഞ്ഞു നോക്കാം