ആ മല ഈ മല

ആ മല ഈ മല മാമലയ്‌ക്കപ്പുറം 
മാക്കാനുണ്ടൊരു കൊട്ടാരം...
കൊട്ടരക്കെട്ടിന്റെ ഒത്ത നടുക്കത്തെ 
കുട്ടികൾക്കുണ്ടൊരിരുട്ടുമുറി...
പാടവരമ്പത്ത് തീമിന്നി പായണ 
പുള്ളിപ്പിശാചിനു തീയാട്ടം...
തീക്കൊള്ളി മിന്നി പലതായിട്ടൊന്നായി-
ട്ടാളെ വിളുഴുങ്ങും കലിയാട്ടം...
മാടനും മറുതയും പാതിരാ നേരത്ത് 
മാനത്തൂടെങ്ങോ പകർന്നാട്ടം...
മാടി വിളിയ്‌ക്കുന്നു കണ്ണു ചിമ്മി തുറന്ന-
പ്പോഴേ മാഞ്ഞങ്ങു പോകുന്ന കണ്ടോ...
ഇക്കാണും കൽപ്പടവറ്റത്തു ചെല്ലുമ്പോ 
ആഴത്തിലങ്ങൊരു നാടുണ്ടേ...
നാടു കാണാൻ പോയോരാരാരും വന്നില്ല-
ന്നത്രയ്‌ക്കും നല്ലൊരു നാടാണേ...
കുന്നിൽ മുകളിലുണ്ടാൽമരം ചില്ലകൾ 
കാറ്റത്തിളകി കളിയ്‌ക്കുന്നേ...
കൂട്ടുകൂടിക്കളിച്ചന്തി മയങ്ങുമ്പോ 
ചേക്കേറാനെത്താറുണ്ടാരാരോ...
ആകശക്കോട്ടയിൽ മേഘക്കവാടത്തി-
ലായിരം പേരങ്ങു നിൽപ്പാണേ...
കോട്ടയിലേറുവാൻ പൊന്നേ കൊതിക്കല്ലേ 
കൈകളിലായിരം വാളാണേ...
ഏഴാം കടൽ കടന്നെത്തുന്ന കാറ്റില-
ങ്ങാരാരോ പാടുന്ന പാട്ടുണ്ട്...
പൂമിഴി ചിമ്മി ചിരിച്ചങ്ങ് മുങ്ങി 
തുടിക്കണ പെണ്ണിൻ കഥയുണ്ടേ...
പാതിരാ നേരത്ത് പാല മരത്തിലും
മൂളിക്കൊണ്ടാരോ ഇരിപ്പാണേ...
പാലപ്പൂ നീളെ പൊഴിയണ താളത്തിൽ 
പാദസരങ്ങൾ കിലുങ്ങുന്നേ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aa Mala Ee Mala

Additional Info

അനുബന്ധവർത്തമാനം