അഗതികൾക്കായ്

അഗതികൾക്കായ് തുറക്കുന്ന വാതിലിൽ
നരകതീർത്ഥം.. അതേറ്റു വാങ്ങീടുവാൻ
നരനു ജന്മം പകുത്ത വസുന്ധരേ
വിരവിലെന്നെയും ഏറ്റു വാങ്ങീടുക

വ്യഥകൾ.. കുമിയുന്ന മൺപുരയ്ക്കുള്ളിൽ
ഒരു ദരിദ്രന്റെ തേങ്ങലായ് ജീവിതം..
ചിതയൊരുക്കാൻ ഒരുങ്ങുന്ന രാവിൽ
മൃതിയിലുരുകുന്നൊരാൾ‌രൂപമാണതിൽ

ഉറ്റവർക്കും ഉരുക്കൾക്കുമൊപ്പം
തെരുവിലലയുന്ന നിഴലുകൾക്കൊപ്പം
പഴയ ഭാരങ്ങൾ പടതുള്ളി ഇരുളിൽ..
കണ്ണുപൊത്തി കളിക്കയാണിന്നും

പുഴുവരിക്കുന്ന ഓടയിൽ ജീവിതം
കഴുകി വൃത്തിയാക്കുന്നോരു മാനുഷൻ
വ്രണിതമെങ്കിലും സ്വപ്നങ്ങൾ കണ്ടതാം
മിഴികളിൽ ബാക്കിയില്ല കണ്ണീർക്കണം

മഴയിൽ നഗ്നശരീരനായ് മറ്റൊരാൾ
കാത്തിരിക്കുന്നു വലയെറിഞ്ഞിങ്ങനെ..
കടലെടുത്തുപോയ് കാൽതൊട്ടു നിന്നതാം
മണ്ണുപോലും ഒരാൾ‌രൂപമുണ്ടതിൽ

കനകഗർ‌വ്വിന്റെ കതിർമണ്ഡപത്തിൽ..
പോക്കുവെയിലിന്റെ ചാമരം വീശി
കാറ്റുകൊള്ളാനിരിക്കുന്നു രണ്ടുപേർ...
അവരിലാരൊരാൾ കൈവിട്ടുപോയ്

കൃഷ്ണമണിയിലെ ചന്ദ്രകാന്തത്തിൽ
കാത്തുവച്ചൊരാ കനകസ്വപ്നങ്ങൾ
കാരുരുക്കിന്റെ മൂർച്ചപോലിന്നും
കുതറിടാതെ കലമ്പൽ കൂട്ടുന്നു

കൃഷ്ണമണിയിലെ ചന്ദ്രകാന്തത്തിൽ
കാത്തുവച്ചൊരാ കനകസ്വപ്നങ്ങൾ
കാരുരുക്കിന്റെ മൂർച്ചപോലിന്നും
കുതറിടാതെ കലമ്പൽ കൂട്ടുന്നു....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Agathikalkkay

Additional Info

Year: 
2016

അനുബന്ധവർത്തമാനം