ഇനിയും കൊതിയോടെ
ഇനിയും കൊതിയോടെ കാത്തിരിക്കാം ഞാൻ
ആ മരത്തണലിലുറങ്ങാൻ
ഇനിയും കാതോർത്ത് ദൂരെ നിൽക്കാം ഞാൻ
പ്രിയനേ നിൻ വിളി കേൾക്കാൻ
വൃശ്ചിക കാറ്റു പോൽ എന്നെ തലോടിയാൽ
പിച്ചക പൂവായ് ഉണരാം ഞാൻ
കൊച്ചരിപ്രാവായ് പറക്കാം (ഇനിയും...)
അമ്മ നിലാവിന്റെ കണ്ണാടി നോക്കി ഞാൻ
നിൻ സ്നേഹ ഹൃദയം കണ്ടുവെങ്കിൽ
ആ നന്മയാം കടലിന്റെ അക്കരെ തെളിയുന്ന
ഉണ്മയാം വെണ്മയെന്നിൽ തുളുമ്പിയെങ്കിൽ
പുഞ്ചിരി പുലർവെയിൽ ചിറകിന്റെ ചോട്ടിൽ ഞാൻ
സങ്കടം മറന്നൊന്നിരുന്നേനേ
ഞാൻ നിന്റെ പെണ്ണായ് കഴിഞ്ഞേനെ
ഇനിയും... ഇനിയും....
ഇനിയും കാതോർത്ത് ദൂരെ നിൽക്കാം ഞാൻ
പ്രിയനേ നിൻ വിളി കേൾക്കാൻ
മഞ്ഞല മറയിട്ട മനസ്സിന്റെ മുറ്റത്ത്
മുത്തശ്ശിമേഘം പെയ്തുവെങ്കിൽ
നിൻ അമ്പിളിപ്പെണ്ണിനും താരക തരികൾക്കും
ഇത്തിരി സ്നേഹമുണ്ണാൻ കഴിഞ്ഞുവെങ്കിൽ
ചന്ദനത്തിരി പോലെൻ നൊമ്പരമെരിയവേ
എങ്ങും സുഗന്ധം പരന്നേനേ
നീയെന്റെ സ്വന്തമായ് തീർന്നേനേ (ഇനിയും..)
--------------------------------------------------------------------------