പൈക്കറുമ്പിയെ മേയ്ക്കും
പൈക്കറുമ്പിയെ മേയ്ക്കും
മൈക്കറുമ്പിയാം പെണ്ണേ
കാത്തു നിൽക്കാതെവിടെപ്പോയെടീ കണ്ണൻ
മധുവിധുകാലമല്ലേ മഥുരയ്ക്കു പോയതല്ലേ
മണിമയില്‍പ്പീലി രണ്ടും മറന്നിട്ടു പോയതല്ലേ
നറുവെണ്ണിലാവു പോലെ നീ വിരിഞ്ഞു നിൽക്കയല്ലേ (പൈക്കറുമ്പിയെ...)
ആറ്റോരത്തല്ലിനിലാവിൽ
അലിവോലുമീറക്കുഴലിൽ
വരിവണ്ടായ് മൂളിയതാരാണ്
കല്ലു വെച്ച കമ്മലിന്മേലുമ്മ വെച്ചതുമിന്നലെ നിൻ
കാന്തമണിക്കണ്ണിണയിലെ കനകവിളക്കു കൊളുത്തിയതും
മയങ്ങുന്ന നേരത്ത് നിൻ മാറിൽ മെല്ലെ ചാരിയതും
മനസ്സിന്റെ മൺ മുറിയിലെ മധുരത്തൂവെണ്ണ കടഞ്ഞെടുത്തതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ (പൈക്കറുമ്പിയെ...)
കണ്ണാടിക്കസവാൽ മൂടും കായാമ്പൂക്കവിളിൽ മെല്ലെ
കടുകോളം നുള്ളിയതാരാണ്
ചെണ്ടുമണിച്ചുണ്ടിണയിലെ ചന്ദനമണി ചിന്തിയതും
മഞ്ഞണിഞ്ഞ മാറിടത്തിലെ മകരമുന്തിരിയടർത്തിയതും
പതുങ്ങി വന്നിട്ടിന്നലെ നിൻ കാതിലെന്തോ ചൊല്ലിയതും
പരിഭവമോടെയെല്ലാം മനസ്സിനുള്ളിൽ നീയൊതുക്കിയതും
കണ്ടതാണു പെണ്ണേ കൺ കവർന്ന പെണ്ണേ പൂവണിഞ്ഞ രാത്രിമുല്ലേ (പൈക്കറുമ്പിയെ...)
-----------------------------------------------------------------------------------------------------------------------