മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു 
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു 
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി 
മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു 
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു (മനുഷ്യൻ.. )

ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി 
നമ്മളെ കണ്ടാലറിയാതായി 
ലോകം ഭ്രാന്താലയമായി 
ആയിരമായിരം മാനവഹൃദയങ്ങൾ 
ആയുധപ്പുരകളായി 
ദൈവം തെരുവിൽ മരിക്കുന്നു 
ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ.. ) 

സത്യമെവിടെ സൗന്ദര്യമെവിടെ 
സ്വാതന്ത്ര്യമെവിടെ - നമ്മുടെ 
രക്തബന്ധങ്ങളെവിടെ 
നിത്യസ്നേഹങ്ങളെവിടെ 
ആയിരം യുഗങ്ങളിൽ ഒരിക്കൽ 
വരാറുള്ളൊരവതാരങ്ങളെവിടെ
മനുഷ്യൻ തെരുവിൽ മരിക്കുന്നു 
മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ.. )

Achanum Bappayum | Manushyan Mathangale song