ചെറുവള്ളിക്കാവിലിന്ന്

ചെറുവള്ളിക്കാവിലിന്ന് തൃക്കാർത്തികയുത്സവനാള്
നിറനിലാദീപം തെളിയും തിരുനാള് എൻമനതാരിൽ മോദം നിറയും പൊൻനാള് 
(ചെറുവള്ളി...)

കണ്ണിൽ തെളിയും മണിവിളക്കേന്തിയിന്ന്
കുറുമ്പുകാരിപ്പെണ്ണവളെത്തും സ്വപ്നനാള്
വീണാനാദം ഉണർത്തിയീ സന്നിധിയിൽ
വിൺപ്രഭാമയ രംഗമൊരുക്കും പുണ്യനാള്
(ചെറുവള്ളി...)

മധുരിക്കും ശീലൊന്നു മൂളീടുമോ
മനയ്ക്കലെ തൊടി ചുറ്റും കിളിക്കുഞ്ഞേ നീ
പടിഞ്ഞാറേ മാനത്ത് തിരിവെട്ടം തെളിയുമ്പോൾ
ഉത്സാഹമുയരുമെന്നറിയീലയോ (മധുരിക്കും...)

മരഞ്ചാടിയണ്ണാനെ മയങ്ങാതെ നീ
കാവോരം കാത്തുനിന്നു കേളി കാണൂ നീ
സന്ധ്യയായാൽ സുന്ദരിയാളുടെ നൃത്തമല്ലോ
പുഞ്ചിരിപ്പൂംചെപ്പു തുറന്നാൽ പ്രഭയല്ലോ
(ചെറുവള്ളി...)

ഉമ്മറക്കിളിവാതിൽ തുറക്കേണ്ട നീ
ഉലകം ചുറ്റിവന്ന തെക്കൻ കാറ്റേ
കാവിലെ മുറ്റത്ത് തകിൽനാദം കേട്ടില്ലേ
കോലോത്തെ എല്ലാരും അവിടല്ലയോ (ഉമ്മറ...)

അമ്പാരിമേളത്തോടൊപ്പം തുള്ളും
അമ്പാട്ടെ കളിത്തത്തേ കണ്ടുവോ നീ
ആട ചുറ്റി കൈവള ചാർത്തി കുണുങ്ങി നിൽക്കും
ആളിമാരോടൊപ്പം എന്നുടെ പ്രാണസഖി
(ചെറുവള്ളി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cheruvallikkavilinnu