കിടിലം ഫിറോസ്
അബ്ദുൾ അസീസിന്റെയും നുസൈഫ് ബീവിയുടെയും മകനായി തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറന്മൂട് ഫിറോസ് ഖാൻ അബ്ദുൾ അസീസ് (കിടിലം ഫിറോസ്) ജനിച്ചു. വെഞ്ഞാറന്മൂട് ഗവണ്മെന്റ് ഹൈസ്ക്കൂളിലായിരുന്നു ഫിറോസിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും സുവോളജിയിൽ ബിരുദം നേടി. സ്കൂൾ പഠനകാലത്തുതന്നെ കലാപ്രവർത്തനങ്ങളിൽ ഫിറോസ് സജീവമായിരുന്നു.
ഏഷ്യാനെറ്റ് ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസറായും അവതാരകനായുമാണ് ഫിറോസ് തന്റെ കലാജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് ബിഗ് എഫ് എം റേഡിയോയിൽ ആർ ജെ ആയി പ്രവർത്തിച്ചു. മികച്ച ആർജെയ്ക്കുള്ള നിരവധി അവാർഡുകൾ അദ്ദേഹം കരസ്തമാക്കിയിട്ടുണ്ട്. 105 മണിക്കൂർ തുടർച്ചയായി റേഡിയോ അവതാരകനായി പ്രവർത്തിച്ചതിന് ലിംക ബുക്ക് ഓഫ് റെക്കോഡ് ഫിറോസിന് ലഭിച്ചിട്ടുണ്ട്. 2017 -ൽ വിശ്വ വിഖ്യാതരായ പയ്യന്മാർ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ട് ഫിറോസ് ചലച്ചിത്രരംഗത്ത് തുടക്കം കുറിച്ചു. അതിനുശേഷം പരോൾ, പഞ്ചവർണ്ണതത്ത എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. നാല് അഞ്ച് ഷോർട്ട് ഫിലിമുകൾക്ക് ഫിറോസ് തിരക്കഥ,സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ ബിഗ്ബോസ് സീസൺ 3 മത്സരാർത്ഥിയായിരുന്നു കിടിലൻ ഫിറോസ്.