ജോജോ ജോസ്‌

Jojo Jose (Actor)
ജോജോ ജോസ്‌- 'ഹൃദയ'ത്തിലെ പ്രതീക്‌ തിവാരി
Date of Birth: 
ചൊവ്വ, 28 November, 1989
Jojo Jose
ജോജൊ ജോസ്‌

'ഹൃദയം' എന്ന സിനിമയിൽ നായകന്റെ സുഹൃത്തും ഗായകനുമായ പ്രതീക്‌ തിവാരി എന്ന കഥാപാത്രമായാണ്‌ ജോജോ ജോസ്‌ സിനിമയിൽ അഭിനയരംഗത്തേക്ക്‌ വരുന്നത്‌.

എയർഫോർസിൽ എഞ്ചിനീയറായിരുന്ന ജോസുകുട്ടി ദേവസ്യയുടേയും ഒമാനിൽ നഴ്സായിരുന്ന ലീലാമ്മയുടേയും നാല്‌ ആണ്മക്കളിൽ മൂന്നാമനായി, അമ്മയുടെ നാടായ കണ്ണൂർ ചെറുപുഴയിലെ സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹോസ്പിറ്റലിൽ 1989 നവംബർ 28ന്‌ ജോജോ ജോസ്‌ ജനിച്ചു. കുടുംബത്തോടൊപ്പം മസ്കറ്റിലായിരുന്നു കുട്ടിക്കാലം. അവിടെ ഇന്ത്യൻ സ്കൂളിൽ പത്താം ക്ലാസ്‌ വരെ പഠിച്ചു. തുടർന്ന് അച്ഛന്റെ നാടായ ചങ്ങനാശേരി തെങ്ങണയിലുള്ള ഗുഡ്‌ ഷെപ്പേഡ്‌ പബ്ലിക്‌ സ്കൂളിൽ. കോളേജ്‌ പഠനം യു എ ഇയിൽ ബെഡ്ഫോഡ്ഷയർ യൂണിവേഴ്സിറ്റിയിലായിരുന്നു. അവിടെ നിന്നും ബിസിനസ്‌ മാനേജ്മെന്റിൽ ബിരുദം നേടിയ ശേഷം നാലു വർഷം ദുബായിൽ സിറ്റി ബാങ്കിലും  പിന്നീട്‌ ഇൻഷുറൻസ്‌ കമ്പനിയിലും ജോലി ചെയ്തു. ജോലിയിലിരിക്കെ അഭിനയമോഹത്തെ സ്വയം വളർത്തിയെടുക്കാനുള്ള ശ്രമങ്ങളും പഠനങ്ങളും ഒപ്പം കൊണ്ടുപോയി. പരസ്യചിത്രങ്ങളിൽ ചെറു വേഷങ്ങൾ ചെയ്യാൻ അവസരം കിട്ടി. അഭിനയവും അനുബന്ധകലകളും പഠിക്കാൻ കിട്ടിയ അവസരങ്ങളൊന്നും പാഴാക്കിയില്ല. London Academy of Musical and Dramatic Arts-ൽ യു കെ സ്വദേശിനിയായ എലിസബത്‌ ഹാഡ്‌വേയ്ക്ക്‌ കീഴിൽ നാടകാഭിനയം പരിശീലിക്കാൻ തുടങ്ങിയത്‌ 2015ലാണ്‌. തുടർന്ന് ആസ്ട്രേലിയക്കാരനായ അലക്സ്‌ ബ്രൂണിനു കീഴിൽ സിനിമാഭിനയം പഠിക്കാൻ തുടങ്ങി. അതുകഴിഞ്ഞ്‌ ആന്റണി മൊണ്ടേസിന്റെ കീഴിൽ Meisner Techniques പരിശീലിച്ചു. ജോലി കഴിഞ്ഞുള്ള രാത്രികൾ ജോജോ പരിശീലനങ്ങൾക്കും നാടകാഭിനയത്തിനുമായി മാറ്റിവച്ച്‌ ജീവിക്കുകയായിരുന്നു. അക്കാലത്ത്‌ ആഷിഖ്‌ അബുവും അമൽ നീരദും ഫഹദിനെയും ശ്രീനാഥ്‌ ഭാസിയേയും വച്ച്‌ നിർമ്മിച്ച യു എ ഇ എക്സ്ചേഞ്ചിന്റെ പരസ്യ ചിത്രത്തിൽ മുഖം കാണിക്കാൻ അവസരം കിട്ടിയതോടെ സിനിമയിൽ അഭിനയിക്കണമെന്ന മോഹം കടുത്തു. 2016ൽ ദുബായിൽ പുരുഷ മോഡലുകൾക്കായി നടന്ന "മിസ്റ്റർ.ദുബായ്‌ " സൗന്ദര്യമത്സരത്തിൽ ജോജോ മൂന്നാം സ്ഥാനം നേടി. 

2018ൽ ദുബായിലെ ജോലി ഉപേക്ഷിച്ച്‌ മുംബൈയിലേക്ക്‌ തിരിച്ചു. അവിടെ അനുപം ഖേറിന്റെ അഭിനയക്കളരിയിൽ ചേർന്ന് പഠിച്ചു. ശേഷം നാട്ടിലെത്തി ശ്രദ്ധാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ചു. 
പല ഘട്ടങ്ങളിലായി നടന്ന ഓഡിഷനുകളിലൂടെ 2019 നവംബറിൽ വിനീത്‌ ശ്രീനിവാസന്റെ 'ഹൃദയം' എന്ന ചിത്രത്തിൽ ആദ്യവേഷം ലഭിച്ചു.