ജയമോഹൻ

Jayamohan

അഭിനേതാവ്: കോഴിക്കോട്, കുമാരസ്വാമി എന്ന സ്ഥലത്ത് റിട്ടയർഡ് സ്കൂൾ മാഷ് കെ. പി. കരുണൻ്റെയും റിട്ടയർഡ് ഹെൽത് ഇൻസ്പെക്ടർ പി. ഓമനയുടെയും മകനായി ജനിച്ച ജയമോഹൻ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും‘ എന്ന സിനിമയുടെ ലൊകേഷൻ തിരയുന്നതിൽ സഹായിച്ചുകൊണ്ടാണ് സിനിമയിലേക്ക് വരുന്നത്. തുടർന്ന് അതേ സിനിമയിൽ ഒരു ചെറുവേഷം ചെയ്ത് അഭിനയത്തിലേക്കും പ്രവേശിച്ചു.

1997 മുതൽ 2000 വരെ അടുപ്പിച്ച് കാസറഗോഡ് ജില്ലാ കലോത്സവത്തിൽ ബെസ്റ്റ് ആക്ടർ ആയിരുന്ന ജയമോഹൻ 1999 ൽ സംസ്ഥാനതലത്തിലും ബെസ്റ്റ് ആക്ടർ ആയി. മൂന്ന് വർഷം അടുപ്പിച്ച് സൗത്ത് ഇൻഡ്യ യൂണിവേഴ്സിറ്റി ഫെസ്റ്റിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെതായി മിമിക്രി അവതരിപ്പിച്ചതും ജയമോഹൻ ആയിരുന്നു.

പിന്നീട് മലയാള മനോരമ, മുംബയ് എഡിഷനിൽ വർക്ക് ചെയ്ത്കൊണ്ട് മയൂരം എന്ന മനോരമ ഷോ അവതാരകനായി. തുടർന്ന് ചെമ്മണ്ണൂർ ഫെസ്റ്റിനും ജയമോഹനായിരുന്നു അവതാരകൻ. പിന്നീട് സ്വന്തമായി ഒരു ഈവൻ്റ് കമ്പനി തുടങ്ങുകയും പി. ജയചന്ദ്രനെ അടക്കം പല പ്രമുഖരുടെയും പ്രോഗ്രാമുകൾ മുംബയിൽ സംഘടിപ്പിച്ചിരുന്നു.

നാലോളം ഷോർട്ട് ഫിലിമുകളും, ചില നാടകങ്ങളും ചെയ്തിട്ടുള്ള ജയമോഹൻ ലോക്‌ഡൗൺ കാലത്ത് അമ്മയെയും ഭാര്യയെയും കൂട്ടി 100 ഓളം ഷോർട്ട് വീഡിയോസും ചെയ്തിരുന്നു.

‘അർച്ചന 31 നോട്ട് ഔട്ട്‘ ലെ ഇലക്ട്രീഷ്യനായ നാട്ടുകാരൻ്റെ വേഷത്തിലാണ് ഏറ്റവും അവസാനം ജയമോഹൻ അഭിനയിച്ചത്.