ജയലക്ഷ്മി
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് ജയലക്ഷ്മി ജനിച്ചത്. അച്ഛൻ ഗോപാലൻ എയർഫോഴ്സിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിൻ്റെ
ഉദ്യോഗാർത്ഥം കുടുംബം ബാംഗ്ലൂരായിരുന്നു താമസിച്ചിരുന്നത്. അതിനാൽ ജയലക്ഷ്മി പഠിച്ചതും വളർന്നതും ബാംഗ്ലൂരിലായിരുന്നു. ചെറുപ്പം മുതലേ നൃത്തമഭ്യസിച്ച ജയലക്ഷ്മി സ്കൂളിലെ കലാപ്രകടനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു.അഭിനയത്തിലും താല്പര്യമുണ്ടായിരുന്നതിനാൽ മെട്രിക്കുലേഷൻ പാസായ ശേഷം അഭിനയം ശാസ്ത്രീയമായി പഠിക്കാനായി അവർ പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ജയഭാദുരി പഠിച്ചിറങ്ങിയ വർഷമാണ് ജയലക്ഷ്മി അവിടെ അഡ്മിഷൻ നേടുന്നത്. ജമീലാ മാലിക് ജയലക്ഷ്മിയുടെ സീനിയറായിരുന്നു അവിടെ. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയ പരിചയവും സാങ്കേതിക പരിജ്ഞാനവും നേടി പുറത്തുവന്ന രണ്ടാമത്തെ മലയാളിപ്പെൺകുട്ടിയായിരുന്നു ജയലക്ഷ്മി.
1972 -ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ആദ്യത്തെ കഥ എന്ന സിനിമയിൽ പ്രേംനസീറിന്റെ നായികമാരിൽ ഒരാളായി. "ഭാമിനീ ഭാമിനീ... എന്ന ഗാനരംഗത്തിൽ പ്രേംനസീറിനോടൊപ്പം അഭിനയിച്ചുകൊണ്ടാണ് ജയലക്ഷ്മി സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. ഈ ചിത്രത്തിൽ ജയാ ഗോപാൽ
എന്ന പേരിലാണ് ജയലക്ഷ്മി അഭിനയിച്ചിട്ടുള്ളത്. അതിനുശേഷം പി എൻ മേനോൻ സംവിധാനം ചെയ്ത ദർശനം എന്ന സിനിമയിലാണ് അഭിനയിച്ചത്. ദർശനത്തിലെ ദേവരാജ സംഗീതത്തിൽ അമ്പിളിയും മാധുരിയും ചേർന്നു പാടിയ "ഇന്നലെയോളമെന്തെന്നറിഞ്ഞീലാ... എന്ന പുന്താനം കൃതിയുടെ ഗാനരൂപത്തിൽ അഭിനയിക്കുന്നത് ചെമ്പരത്തി ശോഭനയും ജയലക്ഷ്മിയും ചേർന്നാണ്. ഈ ചിത്രംമുതൽ ജയലക്ഷ്മി എന്ന പേരിൽ തന്നെ അറിയപ്പെട്ടു. 1972 മുതൽ ജയലക്ഷ്മി കന്നടച്ചിത്രങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ക്രമേണ അവർ നായികയും ഉപനായികയായുമൊക്കെ നിരവധി കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചു. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ജയലക്ഷ്മി ഇപ്പോൾ കന്നഡ സിനിമകളിൽ കാരക്റ്റർ റോളുകൾ ചെയ്യുന്നുണ്ട്.