ജാനറ്റ് ജെയിംസ്
ജെയിംസിന്റെയും ജസീന്തയുടെയും മകളായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. ജാനറ്റിന്റെ അമ്മ ജസീന്ത നർത്തകിയും പയ്യന്നൂർ ഭാസ്കര ഫൈൻ ആർട്സ് കോളേജിലെ നൃത്താദ്ധ്യാപികയുമായിരുന്നു. രണ്ടാം ക്ലാസിൽ പഠിയ്ക്കുമ്പോൾ മുതൽ നൃത്ത പഠനം തുടങ്ങിയ ജാനറ്റിന്റെ ആദ്യ ഗുരു അമ്മയായിരുന്നു. തുടർന്ന് സ്കൂൾ കലോത്സ്വവങ്ങളിലെ നിത്യ സാന്നിദ്ധ്യമായ ജാനറ്റ് ഏഴാംക്ലാസിൽ പഠിയ്ക്കുമ്പോൾ കലാതിലകമായി. തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, എന്നീ നൃത്തയിനങ്ങളിലും മോണോ ആക്റ്റിലും സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ടോപ്പ് സ്കോററായിരുന്നു.
പ്ലസ് ടു പഠനത്തിനുശേഷം ജാനറ്റ് ജെയിംസ് നൃത്ത പഠനത്തിനായി ചെന്നൈയിലെ കലാക്ഷേത്രയിൽ ചേർന്നു. ഭരതനാട്യത്തിൽ പി ജി എടുത്തതിനുശേഷം നൃത്തം തന്റെ പ്രൊഫഷനായി സ്വീകരിച്ചു. 2009 -ൽ രാജസേനൻ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന സിനിമയിൽ ബാലനടിയായി അഭിനയിച്ചുകൊണ്ടാണ് ജാനറ്റ് ജെയിംസ് സിനിമാഭിനയരംഗത്തേയ്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ചേകവർ, മാണിക്യക്കല്ല് എന്നീ സിനിമകളിലും അഭിനയിച്ചു. ഭാരതത്തിലും വിദേശത്തുമായി ജാനറ്റ് ജെയിംസ് കലാക്ഷേത്ര നിരവധി നൃത്ത പരിപാടികൾ അവതരിപ്പിച്ചുവരികയാണിപ്പോൾ.