ഗോപാൽ ഭൂട്ടാനി
1932 -ൽ പടിഞ്ഞാറൻ നേപ്പാളിലെ 'ഇലം' ജില്ലയിലെ ഫിക്കലിലാണ് ഗോപാൽ ഭൂട്ടാനി എന്ന ഗോപാൽ തമംഗ് ജനിച്ചത്. സിനിമാമോഹവുമായി അദ്ദേഹം 1940 -കളിൽ ഇന്ത്യയിലേയ്ക്ക് വരികയും ബോളിവുഡ് സിനിമകളിൽ ശ്രമിയ്ക്കുകയും ചെയ്തു. എന്നാൽ അവിടെ അവസരങ്ങളൊന്നും കിട്ടാതെ അദ്ദേഹം തിരിച്ചു നേപ്പാളിലേയ്ക്ക് തന്നെ പോയി. നേപ്പാളി സിനിമകളിൽ സംഗീതവും മെലോഡ്രാമകളും ആധിപത്യം പുലർത്തിയിരുന്ന കാലത്ത്, ഗോപാൽ ഭൂട്ടാനി അവിടെ ആദ്യമായി ആക്ഷൻ എന്ന ആശയം അവതരിപ്പിച്ചു. 1978 -ൽ ജീവൻ രേഖ എന്ന സിനിമയിൽ അദ്ദേഹം ഒരു ആക്ഷൻ ഡയറക്ടർ എന്നനിലയിൽ ആദ്യമായി പ്രവർത്തിച്ചു. തുടർന്ന് കാഞ്ചി, വിശ്വാസ്, വിജയ് -പരാജയ് തുടങ്ങിയ സിനിമകളിൽ ആക്ഷൻ ഡയറക്റ്ററുടെ ചുമതല ഗോപാൽ ഭൂട്ടാനിയ്ക്ക് ലഭിച്ചു.
ഒരു ആക്ഷൻ ഡയറക്ടർ എന്നതിലുപരി നല്ലൊരു നടനും കൂടിയായിരുന്നു ഗോപാൽ ഭൂട്ടാനി. പിന്നീട് ബോളിവുഡിൽ ഭാഗ്യം പരീക്ഷിച്ചെങ്കിലും അദ്ദേഹം മൻ കോ ബന്ദ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ നേപ്പാളി സിനിമയിൽ അഭിനേതാവായി തിരിച്ചെത്തി. ബോളിവുഡിൽ പ്രവേശിക്കുന്നതിനുമുമ്പ് അദ്ദേഹം ബംഗ്ലാദേശിലേക്കും പിന്നെ ഭൂട്ടാനിലേക്കും കുടിയേറിയിരുന്നു. ആദ്യം സ്പോട്ട് ബോയായും, സ്റ്റണ്ട് മാനായും, പിന്നെ നടനായും പ്രവർത്തിച്ചു. ഗോപാൽ ഭൂട്ടാനി അഭിനയിച്ച ചില ബോളിവുഡ് സിനിമകൾ സാജൻ കി സഹേലി, കാലാബാസ്, ശസ്ത്രഞ്ജ, എന്നിവയാണ്. നിരവധി നേപ്പാളി കലാകാരന്മാരെ ഇന്ത്യൻ സിനിമയിൽ അവതരിപ്പിക്കാൻ ഗോപാൽ ഭൂട്ടാനി നിർണ്ണായകപങ്കു വഹിച്ചിട്ടുണ്ട്. 1992 -ൽ മോഹൻലാൽ നായകനായ യോദ്ധാ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് മലയാളികൾ ഗോപാൽ ഭൂട്ടാനിയെ അറിയുന്നത്. മോഹൻലാൽ അവതരിപ്പിച്ച അശോകൻ എന്ന കഥാപാത്രത്തിന്റെ മെന്ററും ഗുരുവും എല്ലാമാവുന്ന റോളായിരുന്നു ഗോപാൽ ഭൂട്ടാനി യോദ്ധയിൽ ചെയ്തത്.
ബംഗ്ലാദേശിലും ഭൂട്ടാനിലുമൊക്കെ കുടിയേറി താമസിച്ചിരുന്നതിനാൽ ശരിയായൊരു നേപ്പാളി പൗരത്വം അദ്ദേഹത്തിനുണ്ടായിരുന്നില്ലെങ്കിലും അവസാനം വരെ ഗോപാൽ ഭൂട്ടാനി നേപ്പാളി സിനിമയിലെ മുൻനിര വ്യക്തികളിൽ ഒരാളായി തുടർന്നു. ഒരു നേപ്പാളിയാണെന്ന് തെളിയിക്കാൻ മതിയായ രേഖകൾ അദ്ദേഹത്തിന്റെ പക്കലില്ലായിരുന്നു. കൂടാതെ ഭൂട്ടാനി എന്ന കുടുംബപ്പേര് കാരണം നേപ്പാൾ സർക്കാർ അദ്ദേഹത്തിന് പൗരത്വം നൽകുന്നത് നിഷേധിച്ചിരുന്നു. നേപ്പാളി ചലച്ചിത്രരംഗത്തിന് ഒരു കലാകാരന്റെ ജീവിതകാലം മുഴുവൻ സമർപ്പിച്ച ഗോപാൽ ഭൂട്ടാനി ഒടുവിൽ രാജ്യത്തേയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സിനിമാ ലോകത്തെയും വിട്ട് 2010 നവംബറിൽ, തന്റെ 78 -ആം വയസ്സിൽ ശ്വാസകോശ അർബുദം നിമിത്തം അന്തരിച്ചു. മരണത്തിനു ശേഷമാണ് ഗോപാൽ ഭൂട്ടാനിക്ക് നേപ്പാൾ പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചത്.