ഗീത പൊതുവാൾ
ഗുജറാത്തിലെ അഹമ്മദാബാദിലെ മലയാളി കുടുംബത്തിലാണ് ഗീത പൊതുവാൾ ജനിച്ചത്. CAG യിൽ ചേർന്ന് ഇന്റേണൽ ഓഫീസേൾസ് ഗ്രേഡ് എക്സാമിനേഷൻ പാസ്സായതിനുശേഷം ഐക്യരാഷ്ട്രസഭയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും ഓഡിറ്ററായി ജോലിചെയ്തു. ഇരുപത് വർഷത്തെ സേവനത്തിനുശേഷം 2014 -ൽ സീനിയർ ഓഡിറ്റ് ഓഫീസറായിരിയ്ക്കേ വളന്ററി റിട്ടയർമെന്റ് എടുത്തു. ഗീത തന്റെ പ്രൊഫഷനോടൊപ്പം സംഗീതം, നൃത്തം, അഭിനയം എന്നിവയിൽ തത്പരയായിരുന്നു. അമൃത ടെലിവിഷന്റെ ടാലന്റ് ഷോയുൾപ്പെടെ പല പ്രോഗ്രാമുകളിലും അവർ പങ്കെടുത്തിട്ടുണ്ട്.
സാമൂഹ്യ പ്രവർത്തക, മോട്ടിവേഷണൽ സ്പീക്കർ, കൗൺസിലർ, ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ പ്രവർത്തക എന്നീ നിലകളിലെല്ലാം ഗീത പൊതുവാൾ പ്രവർത്തിച്ചുവരുന്നു. ഗവണ്മെന്റ് ഓർഗനൈസേഷനുകൾക്കും, കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വേണ്ടി മോട്ടിവേഷണൽ ടോക്ക് സെഷനുകളും ട്രെയിനിംഗ് പ്രോഗ്രാമുകളും ചെയ്തുവരുന്നുണ്ട്. 2017 ൽ അവർ Drzya എന്നോരു സംഘടന രൂപീകരിച്ചു. ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിയ്ക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കികൊടുക്കുന്നതിനും, ഇൻസിപിരേഷണൽ ടോക്കുകകളിലും വർക്ക്ഷോപ്പുകളിലും പങ്കെടുക്കുന്നതിനും സഹായിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. 2018 ൽ ഗീത Drzyashakti എന്ന സംഘടന രൂപീകരിച്ചു. ഭിന്നശേഷിക്കാരുൾപ്പെടുന്ന കേസുകളിൽ അവരെ സഹായിക്കുകയാണ് സംഘടനയുടെ ഉദ്ദേശ്യം.
ഫെമിന പോലുള്ള മാഗസിനുകളിൽ ലേഖനങ്ങളും ചെറുകഥകളും എഴുതാറുള്ള ഗീത, ഇന്ത്യക്കകത്തും പുറത്തുമായി അഞ്ഞൂറിലധികം വേദികളിൽ വിവിധ പ്രോഗ്രാമുകളുടെ അവതാരികയായി പ്രവർത്തിച്ചിട്ടുണ്ട്. വെള്ളിവെളിച്ചത്തിൽ, കണ്ടെത്തൽ എന്നീ രണ്ടു മലയാള സിനിമകളിൽ ഗീത പൊതുവാൾ അഭിനയിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിയ്ക്കുകയാണ് ഇപ്പോൾ ഗീത പൊതുവാൾ.