ഡോ തൃശ്ശൂർ കൃഷ്ണകുമാർ

Dr Thrissur Krishnakumar

തൃശ്ശൂർ സ്വദേശിയായ കൃഷ്ണകുമാർ അറിയപ്പെടുന്ന ഇടയ്ക്ക വാദകൻ ആണ്. തൃശ്ശൂർ ജനാർദ്ദനൻ, നടനനികേതം ബാലകൃഷ്ണക്കുറുപ്പ്, കൃഷ്ണൻ തൃശ്ശൂർ, പല്ലാവൂർ അപ്പുമാരാർ, തൃപ്പൂണിത്തുറ കൃഷ്ണദാസ് എന്നിവരായിരുന്നു വിവിധ കാലഘട്ടങ്ങളിൽ ഇദ്ദേഹത്തിന്റെ ഗുരുക്കന്മാർ.

മൂന്നര പതിറ്റാണ്ടായി സംഗീത ലോകത്ത് സജീവമാണ് കൃഷ്ണകുമാർ. 1985 ൽ ആണ് ദൂരദർശനിലും ആകാശവാണിയിലും ആദ്യമായി പരിപാടികൾ അവതരിപ്പിക്കുന്നത്. പിന്നീട് ആകാശവാണിയിലെ ബി ഹൈ ഗ്രേഡ് ആർട്ടിസ്റ്റ് ആയി ഇദ്ദേഹം. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ സംവിധാനം ചെയ്ത അഷ്ടപദിയാട്ടം പോലുള്ള നൃത്താവിഷ്‌കാരങ്ങൾക്ക് സംഗീതം നൽകി. ലളിത സംഗീതം, നാടോടി നൃത്തങ്ങൾക്ക് വേണ്ടിയുള്ള പാട്ടുകൾ, ഭക്തിഗാനങ്ങൾ, സിനിമ ഗാനങ്ങൾ എന്നിങ്ങനെ ആയിരത്തിലധികം പാട്ടുകളുടെ ഭാഗമാവാൻ കൃഷ്ണകുമാറിന് കഴിഞ്ഞു. കഥകളി, ഓട്ടം തുള്ളൽ, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങൾ കലാമണ്ഡലം പത്മാവതി, കലാമണ്ഡലം ക്ഷേമവതി, കലാമണ്ഡലം ഗോപി, മൃണാളിനി സാരാഭായ്, കലാമണ്ഡലം ഗീതനന്ദൻ പോലെയുള്ളവർ അവതരിപ്പിക്കുമ്പോൾ കൂടെ ഇടയ്ക്ക വായിക്കുന്നത് കൃഷ്ണകുമാർ ആയിരുന്നു. യേശുദാസ്, പി ജയചന്ദ്രൻ, പി സുശീല, എസ് ജാനകി തുടങ്ങിയവരുടെ കൂടെയൊക്കെ സ്റ്റേജ് ഷോകളും റെക്കോർഡിങ്ങുകളും ചെയ്തിട്ടുണ്ട്.

1986 ൽ ജർമനിയിൽ വെച്ചു നടന്ന തേർഡ് വേൾഡ് മലയാളി സമ്മിറ്റിൽ തകഴി ശിവശങ്കരപിള്ള, പ്രേം നസീർ തുടങ്ങിയവരോടൊപ്പം പങ്കെടുക്കാൻ കേരള സർക്കാർ തിരഞ്ഞെടുത്തവരുടെ കൂട്ടത്തിൽ കൃഷ്ണകുമാറും ഉണ്ടായിരുന്നു.

ജയരാജിന്റെ സംവിധാനത്തിൽ1996 ൽ പുറത്തിറങ്ങിയ ദേശാടനം എന്ന സിനിമയിലൂടെ ആയിരുന്നു സിനിമ പ്രവേശം. തുടർന്ന് നിരവധി ചിത്രങ്ങളിൽ പ്രശസ്തരായ മിക്ക സംഗീത സംവിധായകർക്ക് ഒപ്പവും അദ്ദേഹം പ്രവർത്തിച്ചു.

2008ൽ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന് മുന്നിൽ ഇടയ്ക്ക വായിക്കാനുള്ള അപൂർവ്വ ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചു.

കൈരളി ടെലിവിഷൻ സംപ്രേക്ഷണം ചെയ്ത "മാമ്പഴം" എന്ന പരിപാടിയിൽ കവിതയുടെ ഒഴുക്കിന് അനുസരിച്ചുള്ള ഇടയ്ക്ക വായന കൃഷ്ണകുമാറിനെ ഏവർക്കും ഒരുപോലെ പ്രിയപ്പെട്ടവനാക്കി. മറ്റു ചാനലുകളിലെ വിവിധ പരിപാടികളിലും സജീവമാണ് കൃഷ്ണകുമാർ.

2018 ൽ "ദി ഇന്റർനാഷണൽ തമിൾ യൂണിവേഴ്സിറ്റി" അദ്ദേഹത്തിന്റെ ഇടയ്ക്ക വാദനത്തിലുള്ള മികവിനും കലാരംഗത്തുള്ള സംഭവനകൾക്കുമുള്ള ആദരവായി ഡോക്ടറേറ്റ് നൽകി ആദരിച്ചു.

സ്വന്തമായി എസ് ബാൻഡ് എന്ന പേരിൽ കർണാട്ടിക് ആൻഡ് വെസ്റ്റേൺ മ്യൂസിക് ഫ്യൂഷൻ ട്രൂപ്പും ഇദ്ദേഹത്തിനുണ്ട്.

ഭാര്യ കലാമണ്ഡലം കവിത കൃഷ്ണകുമാർ നർത്തകിയാണ്. ഏക മകൾ പാർവതി.