ദാസൻ കോങ്ങാട്

Dasan Kongad

പാലക്കാട് ജില്ലയിലെ കോങ്ങാട് സ്വദേശി ആണ് ദാസൻ. 1987- ൽ വമ്പിച്ച ജനപങ്കാളിത്തത്തോടെ സംസ്ഥാനമൊട്ടാകെ തുടങ്ങിയ സമ്പൂർണ്ണ സാക്ഷരതാ യജ്ഞത്തിൻ്റെ പ്രചരണത്തിനായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉടുക്ക് പാട്ട്, തെരുവ് നാടകം, പൊറാട്ട് കളി എന്നിവ അവതരിപ്പിക്കുന്ന സംഘത്തിൻ്റെ ഭാഗം ആയതോടെയാണ് ദാസൻ്റെ കലാ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് അന്നത്തെ സർക്കാർ ആരംഭിച്ച കേരളോത്സവം എന്ന ജനകീയ മേളയിൽ സുഹൃത്തുക്കൾക്കൊപ്പം നാടകം അവതരിപ്പിച്ചു. ബ്ലോക്ക്, ജില്ലാ തലങ്ങളിലേക്ക് പോകുമ്പോൾ മറ്റിടങ്ങളിൽ നിന്ന് വരുന്ന മികച്ച നാടകങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ദാസനും സുഹൃത്തുക്കളും കോങ്ങാട് നാടക സംഘം എന്നൊരു സ്ഥിരം നാടക സമിതി രൂപീകരിച്ചു. ജി ശങ്കരപ്പിള്ളയുടെയും ബാദൽ സർക്കാരിൻ്റെയും നാടകങ്ങൾ ഒക്കെ അങ്ങനെ അവതരിപ്പിച്ചു തുടങ്ങി. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി നാടകങ്ങളും കോങ്ങാട് നാടക സംഘം അവതരിപ്പിച്ചിട്ടുണ്ട്. ടി വി കൊച്ചുബാവയുടെ വൃദ്ധസദനം, പി പത്മരാജൻ്റെ പ്രതിമയും രാജകുമാരിയും, ബഷീറിൻ്റെ മതിലുകൾ, ഈഡിപ്പസ്, Waiting For Godot തുടങ്ങി നിരവധി നാടകങ്ങൾ കോങ്ങാട് നാടക സംഘത്തെ കേരളത്തിന് അകത്തും പുറത്തും പ്രശസ്തമാക്കി.

വിനോയ് തോമസിൻ്റെ കരിക്കോട്ടക്കരി എന്ന നോവലിനെ അടിസ്ഥാനമാക്കി കെ വി സജിത്ത് സംവിധാനം ചെയ്ത ചേരള ചരിതം എന്ന നാടകത്തിലെ ചഞ്ചൻ വല്യച്ഛൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഇക്കഴിഞ്ഞ വർഷം സംസ്ഥാന അമച്വർ നാടക മത്സരത്തിൽ മികച്ച നടനുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരവും നേടുകയുണ്ടായി ദാസൻ കോങ്ങാട്. "ശരീരം ആണ് തൻ്റെ ഏറ്റവും നല്ല ആയുധം എന്ന് തിരിച്ചറിഞ്ഞ നടനാണ് അദ്ദേഹം" എന്നാണ് നാടക സംവിധായകൻ സജിത്ത് ദാസൻ കോങ്ങാടിനേക്കുറിച്ച് പറയുന്നത്. 

അത്‌ലറ്റ് കായികനാടക വേദിയുടെ ഡയറക്ടർ അലിയാർ അലി ക്രാപ്സ് ലാസ്റ്റ് ടേപ്പ് എന്ന സാമുവൽ ബെക്കറ്റ് നാടകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അവതരിപ്പിക്കുന്ന നോക്ക് ഔട്ട് എന്ന ബോക്‌സിങ് തിയേറ്റർ പെർഫോമൻസ് ആണ് ദാസൻ കോങ്ങാടിൻ്റെ പുതിയ പ്രകടനം. ബോക്സിങും തിയേറ്ററും സമന്വയിപ്പിക്കുന്ന ഒരു പരീക്ഷണ തിയേറ്റർ പെർഫോമൻസ് ആണിത്.

പട, നോക്കുകുത്തി എന്നിവയാണ് അഭിനയിച്ച സിനിമകൾ.

നല്ലൊരു കർഷകൻ കൂടിയാണ് ദാസൻ കോങ്ങാട്. അധ്യാപിക കൂടിയായ ഭാര്യ ഷീജയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ദാസൻ കോങ്ങാടിൻ്റെ കുടുംബം.