ചാർമി
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1987 മെയ് 17 ന് മുംബൈയിൽ ജനിച്ചു. വസായിലെ കർമ്മലീത്ത കോൺവെന്റ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു ചാർമിയുടെ വിദ്യാഭ്യാസം. 2002 ൽ നീ തൊടു കാവലി എന്ന തെലുങ്കു സിനിമയിലൂടെയാണ് ചാർമി കൗർ തന്റെ കരി്യറിന് തുടക്കം കുറിയ്ക്കുന്നത്. ആ വർഷം തന്നെ മുജെ ദോസ്തി കരോഗി എന്ന ഹിന്ദി ചിത്രത്തിലും, കാതൽ അഴിവതില്ലൈ എന്നീ തമിഴ് സിനിമയിലും അഭിനയിച്ചു. 2002 ൽ തന്നെയാണ് ചാർമി കൗർ മലയാള സിനിമയിലും അഭിനയിയ്ക്കുന്നത്. വിനയൻ സംവിധാനം ചെയ്ത കാട്ടുചെമ്പകം ആയിരുന്നു ചാർമിയുടെ ആദ്യ മലയാള ചിത്രം.
അറുപതിലധികം സിനിമകളിൽ ചാർമി കൗർ അഭിനയിച്ചിട്ടുണ്ട്. അവയിൽ കൂടുതലും തെലുങ്കു ചിത്രങ്ങളായിരുന്നു. കൂടാതെ അഞ്ചോളം തമിഴ് ചിത്രങ്ങളിലും കന്നഡ, ഹിന്ദി ഭാഷകളിലെ ചില ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മൂന്നു സിനിമകളിലാണ് അഭിനയിച്ചത്. കാട്ടുചെമ്പകത്തിനു ശേഷം 2010 ലാണ് പിന്നീട് ചാർമി മലയാള സിനിമയിലേയ്ക്ക് വരുന്നത്. ദിലീപിന്റെ നായികയായി ആഗതൻ എന്ന സിനിമയിലാണ് അവർ അഭിനയിച്ചത്. അതിനുശേഷം 2012 ൽ മമ്മൂട്ടിയുടെ നായികയായി താപ്പാന എന്ന സിനിമയിൽ ചാർമി അഭിനയിച്ചു. സംവിധായകൻ പുരി ജഗന്നാഥുമായി ചേർന്ന് പുരി കണക്ട് എന്ന സിനിമാ നിർമ്മാണ കമ്പനി ആരംഭിച്ച ചാർമി കൗർ ആറ് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.