ചഞ്ചൽ
കോഴിക്കോട് സ്വദേശി. നാലു വയസിൽത്തന്നെ ഭരതനാട്യം പരിശീലിക്കുവാനാരംഭിച്ചു.സംഗീത നാടക അക്കാദമി അവാർഡ് നേടിയ കലാക്ഷേത്ര വിലാസിനി ആയിരുന്നു ചഞ്ചലിനെ ഭരതനാട്യം അഭ്യസിപ്പിച്ചിരുന്നത്. സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം 1997 മുതൽ മോഡലിംഗ് രംഗത്ത് പ്രവർത്തിച്ച് തുടങ്ങി. ടിവി ഷോകളിലും കലാരംഗത്തുമായി പ്രവർത്തിച്ചിരുന്ന സമയത്ത് 1998ലാണ് ഹരിഹരൻ എംടി വാസുദേവൻ നായർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ "എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ" കുഞ്ഞാത്തോൾ എന്ന കഥാപാത്രമായി ചഞ്ചലിനെ തിരഞ്ഞെടുക്കുന്നത്. പരക്കെ ശ്രദ്ധിക്കപ്പെട്ട ചിത്രവും ചഞ്ചലിന്റെ കഥാപാത്രവും നിരവധി പുരസ്കാരങ്ങളും നിരൂപകശ്രദ്ധയും നേടിയിരുന്നു. ലോഹിതദാസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഓർമ്മച്ചെപ്പായിരുന്നു ചഞ്ചലിന്റെ രണ്ടാമത്തെ ചിത്രം. സമീറ എന്ന കഥാപാത്രമായി നായിക റോളിലെത്തിയ ഓർമ്മച്ചെപ്പിലെ അഭിനയവും ശ്രദ്ധേയമായി. രാജീവ് അഞ്ചലിന്റെ ഋഷിവംശമായിരുന്നു ചഞ്ചൽ ഒടുവിൽ അഭിനയിച്ച ചിത്രം. ഈ സിനിമയിൽ ചഞ്ചൽ കൃഷ്ണന്റെ രാധയായി നിരവധി സെമി ക്ലാസിക്കൽ നൃത്ത രംഗങ്ങളുള്ള വേഷത്തിലായിരുന്നു പ്രകടനം.
ഹരിശങ്കറിനെ വിവാഹം കഴിച്ച് അമേരിക്കയിൽ സ്ഥിരമാക്കിയ ചഞ്ചൽ കലാഞ്ജലി സ്കൂൾ ഓഫ് ആർട്സ് എന്നൊരു കലാലയം നടത്തി വിദ്യാർത്ഥികൾക്ക് ഭരതനാട്യം പഠിപ്പിക്കുന്നു.
നിഹാർ, നിള എന്ന മക്കളും ഭർത്താവുമൊത്ത് അമേരിക്കയിലെ നോർത്ത് കരൊലിനയിൽ താമസിക്കുന്നു.
ചഞ്ചലിന്റെ നൃത്തവിദ്യാലയത്തിന്റെ വിവരങ്ങളിവിടെ | ചഞ്ചലിന്റെ ഇമെയിൽ വിലാസമിവിടെ | ചഞ്ചലിന്റെ വെബ്സൈറ്റിവിടെ