സിന്ദൂരരേഖയിലെ ഗാനങ്ങൾ

അരുൺ ദിവാകരൻ

ശരത് എന്ന സംഗീത സംവിധായകന്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മനോഹരങ്ങളായ ഗാനങ്ങള്‍ സൃഷ്‌ടിച്ച ഒരു ചിത്രമാണ് സിന്ദൂരരേഖ. ശാസ്ത്രീയ സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ അഗാധമായ അറിവ് ഇതിലെ ഓരോ ഗാനത്തിലും പ്രകടമാണ്. ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളും ഇന്നും സംഗീത പ്രേമികള്‍ നെഞ്ചിലേറ്റി താലോലിക്കുന്നു. ക്ലാസിക്കല്‍ - സെമി ക്ലാസ്സിക്കല്‍ ശ്രേണിയില്‍ ഉള്‍പ്പെടുത്താവുന്ന ഏഴു ഗാനങ്ങള്‍ ആണ് ശരത്തും കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ചേര്‍ന്ന് ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയത്. ഇതിലെ ഗാനങ്ങളും അത് ഉണ്ടായ രീതിയും അതിലെ രാഗങ്ങളെക്കുറിച്ചും ഒരു വിവരണം ചുവടെ. 

പ്രണതോഷ്മി ഗുരുവായുപുരേശം ( യേശുദാസ് ) - രീതിഗൗള
ഇരുപത്തി രണ്ടാമത് മേളാകര്‍ത്താരാഗമായ ഖരഹരപ്രിയയുടെ പ്രശസ്തവും വക്ര ഷാടവ - വക്ര സമ്പൂര്‍ണ്ണമായ ഒരു ജന്യരാഗമാണ് രീതിഗൌള. വളരെ ഗമക പ്രയോഗങ്ങള്‍ ഉള്ള രാഗം ആണെങ്കിലും പിയാനോ പോലുള്ള സംഗീത ഉപകരണങ്ങളില്‍ ഗമകമില്ലാതെ വായിച്ചാലും രാഗഭാവം മനസിലാക്കാന്‍ പറ്റുന്ന ചില അപൂര്‍വ്വം രാഗങ്ങളില്‍ ഒന്നാണ് രീതിഗൌള.കരുണയും ഭക്തിയുമാണ്‌ രീതിഗൌള രാഗം പ്രകടിപ്പിക്കുന്നത്. അധികം സഞ്ചാര സ്വാതത്ര്യം രീതിഗൌള നല്‍കുന്നില്ല അതിനാല്‍ വിസ്തരിച്ചു ആലാപനത്തിനുള്ള സാധ്യത ഒട്ടും ഇല്ലാത്തൊരു രാഗം കൂടിയാണ് രീതിഗൌള. ധാരാളം സെമിക്ലാസിക്കല്‍-ക്ലാസിക്കല്‍ സിനിമാ ഗാനങ്ങള്‍ രീതിഗൌള യില്‍ കമ്പോസ് ചെയ്യപ്പെട്ടിട്ടുണ്ട് അതില്‍ മികച്ച ഒരു ഗാനമാണ് പ്രണതോഷ്മി ഗുരുവയുപുരേശം. 

ജലതംരംഗം എന്ന സംഗീത ഉപകരണം ഈ ഗാനത്തില്‍ ഉടനീളം ശരത് ഉപയോഗിച്ചിരിക്കുന്നു എന്നത് ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ജലതരംഗം ഒരു ഇന്ത്യൻ സംഗീത ഉപകരണമാണ് കോപ്പ കൊണ്ടോ ലോഹം കൊണ്ടോ ഉള്ള കുറച്ചുപാത്രങ്ങളും അവയിൽ പല അളവിൽ വെള്ളം നിറച്ച് രണ്ട് ചെറിയ കമ്പുകൾ കൊണ്ട് കൊട്ടിയാണ് ഇതിൽ നിന്നും നാദം ഉണ്ടാക്കുന്നത്. 

പ്രണതോഷ്‌മി ഗുരുവായുപുരേശം ( കെ എസ് ചിത്ര ) - ( മായാശ്രീ ) 
കെ ജെ യേശുദാസ് പാടിയ പ്രാണതോഷ്മി ഗുരുവായുപുരേശം എന്ന രീതിഗൌള രാഗത്തിലെ ഗാനം ആണ് എല്ലാവര്ക്കും ഏറെ സുപരിചിതം. ഈ ഗാനത്തിനു കെ എസ് ചിത്ര പാടിയ മറ്റൊരു പതിപ്പ് കൂടിയുണ്ട്. മായാശ്രീ എന്ന ഒരു അപൂര്‍വ്വ രാഗത്തിലാണ് ഈ ഗാനം ശ്രീ ശരത് കമ്പോസ് ചെയ്തിരിക്കുന്നത്. മായാശ്രീ ഒരു ദ്വിമധ്യമ പഞ്ചമ വര്‍ജ്യ രാഗം ആണ്. ദ്വിമധ്യമ പഞ്ചമ വര്‍ജ്യ രാഗം എന്ന് പറഞ്ഞാല്‍ ആരോഹണതിലും അവരോഹണത്തിലും രണ്ടു മധ്യമങ്ങളും ഒരു രാഗത്തില്‍ വരുന്നു. ശുദ്ധ മധ്യമവും പഞ്ചമതിനു പകരം പ്രതി മധ്യമവും.

മായാശ്രീ എന്ന രാഗത്തെക്കുരിച്ചു കൂടുതല്‍ അറിയുവാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക . 

കാളിന്ദിയിൽ തേടി നിൻ ( ശ്രീരാഗം )
.ത്യാഗരാജ സ്വാമികളുടെ പ്രശസ്തമായ പഞ്ചരത്ന കീർത്തനത്തിലെ ശ്രീരാഗത്തിലുള്ള " എന്തരോ മഹാനു ഭാവുലു " എന്ന കൃതിയുടെ സ്വരങ്ങളും പല്ലവിയും കൂടിയുള്ളതാണ് ഈ ഗാനം .ഈ ഗാനത്തിന്റെ തുടക്കം ശ്രീ രാഗത്തിലും ബാക്കി ഭാഗം മധ്യമാവതി യിലും ആയിരുന്നു ശരത് ഈ ഗാനം ആദ്യം ചിട്ടപ്പെടുത്തിയിരുന്നത് പക്ഷെ ഗാനം പാടുവാൻ വന്ന ദാസേട്ടൻ പറഞ്ഞത് അനുസരിച്ചു ഈ ഗാനം ശരത് മുഴുവനും ശ്രീ രാഗത്തിൽ ചിട്ടപ്പെടുത്തി. 

പാഹിരാമപ്രഭോ ( മധ്യമാവതി )
ത്യാഗരാജ സ്വാമികള്‍ക്ക് വരെ ഗുരുസ്ഥാനീയനായിരുന്ന ഭദ്രാചല രാമദാസ് എഴുതി മധ്യമാവതി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ശ്രീരാമ കീര്‍ത്തനമാണ് പാഹിരമപ്രഭോ. അദ്ദേഹത്തിനു ഒരു ബഹുമാന സൂചകമായി ഈ കീര്‍ത്തനം ശരത് ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു . 

രാവിൽ വീണാനാദം പോലെ - ( ഹംസനാദം )
ഹംസനാദം എന്ന പ്രതിമധ്യമ രാഗത്തില്‍ ശരത് കമ്പോസ് ചെയ്ത ഗാനമാണ് രാവില്‍ വീണാ നാദം പോലെ . പാട്ടിന്റെ പല്ലവിയില്‍ തന്നെ ചില അന്യസ്വരങ്ങള്‍ ഈ ഗാനത്തില്‍ കടന്നു വരുന്നുണ്ട്. കൈശികി നിഷാദവും ( N2 ), ശുദ്ധരിഷഭവും (R1) വിവാദി സ്വരമായ ശുദ്ധ ഗാന്ധാരവും ( G1 ) വരുന്ന ഗാനം കൂടിയാണിത്.
പല പ്രഗല്‍ഭരായ പല സംഗീതജ്ഞരും പല അഭിപ്രായങ്ങളാണ് ഈ സ്വരപ്രയോഗത്തെപ്പറ്റി അഭിപ്രായപ്പെടുന്നത്. 41 മേളം പാവനിയും അതിന്റെ ജന്യരാഗമായ ചന്ദ്രജ്യോതിയും ഇതേ സ്വരപ്രയോഗങ്ങള്‍ ഉള്ള രാഗമാണ്. 40 മത് മേളം നവനീതവും ഇതേ സ്വരപ്രയോഗങ്ങള്‍ ഉള്ള വിവാദി രാഗമാണ്. ദീക്ഷിതര്‍ സമ്പ്രദായത്തില്‍ നവനീതം നഭോമണി എന്നാണ് അറിയപ്പെടുന്നത്.

എന്റെ സിന്ദൂര രേഖയിൽ ( ഹിന്ദോളം , ശങ്കരാഭരണം )
സിന്ദൂര രേഖയിൽ ഹിന്ദോള രാഗത്തിൽ ശരത് കമ്പോസ് ചെയ്ത ഒരു ഗാനം. അസാധ്യമായ ഓർക്കെസ്ട്രഷൻ ആണ് ഈ ഗാനത്തിന്റെ ഒരു പ്രത്യേകത. 
ഈ ഗാനത്തിൽ അധികമാരും ശ്രദ്ധിക്കാത്ത ഒരുകാര്യമുണ്ട്. ഈ ഗാനത്തിൽ ഹിന്ദോളരാഗം മാത്രമല്ല ശങ്കരാഭരണം കൂടിയുണ്ട്. യേശുദാസ് പാടുന്ന ഭാഗമാണ് ശരത് ശങ്കരാഭരണത്തിൽ ( Major Scale ) ചിട്ടപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ അത് മറ്റൊരു ഗാനം ആയിരുന്നു. " കരയുവാൻ കണ്ണീരോ " എന്നു തുടങ്ങുന്ന മറ്റൊരു ഗാനത്തിന്റെ വരികൾ ഈ ഗാനത്തിനൊടു ചേർക്കുകയായിരുന്നു ശരത്. 

ഒരു ഫ്ലൂട്ട് ബിറ്റ് കൊണ്ടാണ് ശരത് ഹിന്ദോളത്തെയും ശങ്കരാഭരണത്തെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത്. " കരയുവാൻ കണ്ണീരോ മറുവാക്കുമില്ല കർമ്മങ്ങൾ കൈമറിഞ്ഞ കനലാണ് ഞാൻ ഉയിരാണ് ഞാൻ " ...... 

നാദം ബാല ഗോവിന്ദ ( രേവഗുപ്തി , സിംഹേന്ദ്ര മധ്യമം, ഹിന്ദോളം ) 
ഒരു രാഗമാലികയായി ആണ് ശരത് കമ്പോസ് ചെയ്തിരിക്കുന്നത്. ഭക്തിരസവും കരുണരസവും തുളുമ്പുന്ന മൂന്ന് രാഗങ്ങൾ ആണ് ശരത് ഈ ഗാനത്തിന് തിരഞ്ഞെടുത്തത് . പല്ലവി "നാദം ബാല ഗോവിന്ദ" എന്ന വരികൾ മായാമാളവഗൗള ജന്യമായ രേവഗുപ്തിയിൽ എന്ന രാഗത്തിൽ തുടങ്ങുന്നു. 
" എൻ ബാല്യ കാലങ്ങൾ എന്ന അനുപല്ലവി സിംഹേന്ദ്രമദ്ധ്യമം എന്ന പ്രതിമധ്യമ മേളകർത്താ രാഗത്തിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

"എൻ മുന്നിലോന്നു പാടാൻ മറന്ന " എന്നു തുടങ്ങുന്ന ചരണം ഹിന്ദോളരാഗത്തിലും . ശരത്തിന്റെ ഗുരു കൂടിയായ ഡോ. ബാലമുരളി കൃഷ്ണയുടെ ഹിന്ദോള രാഗത്തിലുള്ള ഒരു തില്ലാന ഈ വരികളിൽ ഉപയോഗിച്ചിരിക്കുന്നു എന്നത് ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.