ബാലകൃഷ്ണൻ മങ്ങാട്
വി. കൃഷ്ണൻ നായരുടെയും പാർവ്വതി അമ്മയുടെയും മകനായി 1946 -ൽ കാസർഗോഡ് ജില്ലയിൽ ജനിച്ചു. ധനശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയ ബാലകൃഷ്ണൻ പത്രപ്രവർത്തകനായാണ് ജോലിയിൽ പ്രവേശിച്ചത്. 1975 -ൽ ലൗ ലെറ്റർ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.
1980 -ൽ ഭരതൻ സംവിധാനം ചെയ്ത ചാമരം എന്ന ചിത്രത്തിന്റെ കഥ ബാലകൃഷ്ണൻ മാങ്ങാടിന്റേതായിരുന്നു. അതിനുശേഷം 1984 -ൽ ഉണ്ണി വന്ന ദിവസം, വെപ്രാളം എന്നീ സിനിമകളുടെ സംവിധാന സഹായിയായി പ്രവർത്തിച്ചു. 1996 -ൽ സി പി പത്മകുമാർ സംവിധാനം ചെയ്ത സമ്മോഹനം എന്ന സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് ബാലകൃഷ്ണൻ മാങ്ങാട് ആയിരുന്നു. സമ്മോഹനം ഇന്ത്യൻ പനോരമയിലും പതിമൂന്ന് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും പ്രവേശനം നേടുകയുണ്ടായി. എഡിൻബർഗ്ഗ് ചലച്ചിത്രോത്സവത്തിൽ ബെസ്റ്റ് ഓഫ് ദ ഫെസ്റ്റിവൽ അവാർഡും ജപ്പാനിലെ ഫുകോകോ ചലച്ചിത്രോത്സവത്തിൽ വിധികർത്താക്കളുടെ പ്രത്യേക പരാമർശവും ലഭിച്ചു. സിനിമകൾ കൂടാതെ കാഴ്ചകൾ, ഉച്ചവെയിൽ എന്നീ ടി.വി. സീരിയലുകൾക്കും അദ്ദേഹം തിരക്കഥകൾ എഴുതിയിട്ടുണ്ട്.
തെയ്യത്തിന്റെ വിരൽത്തുമ്പിൽ എന്ന കഥയ്ക്ക് 1989 -ൽ മൂവാറ്റുപുഴ കഥാസമിതി അവാർഡും പോര് എന്ന നോവലിന് 1990 -ൽ എസ്.കെ. പൊറ്റെക്കാട് അവാർഡും പത്രപ്രവർത്തനത്തിന് 1992 -ൽ വൈസ്മെൻ ഇന്റർനാഷണൽ ദക്ഷിണേന്ത്യാ അവാർഡും നേടിയ ബാലകൃഷ്ണൻ മഹാകവി ഗോവിന്ദ പൈ സ്മാരക സർക്കാർ കമ്മിറ്റി അംഗമായും കാസർകോട് സാഹിത്യ പരിഷത് സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്.
2005 ഏപ്രിലിൽ ബാലകൃഷ്ണൻ മാങ്ങാട് അന്തരിച്ചു.


