ബൈജുരാജ് ചേകവർ
കോഴിക്കോട് ജില്ലയിലെ കായക്കൊടിയിലാണ് ബൈജുരാജ് ചേകവർ ജനിച്ചത്. കായക്കൊടി എ എം യൂ പി സ്കൂൾ, ഗവൺമെന്റ് മോഡൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ , മലബാർ ക്രിസ്ത്യൻ കോളേജ് ഹയർസെക്കണ്ടറി സ്കൂൾ , മലബാർ ക്രിസ്ത്യൻ കോളേജ് , സതേൺ ഫിലിം ഇൻസ്റ്റിസ്റ്റ്യുട്ട് എന്നിവിടങ്ങളിലായിരുന്നു ബൈജുരാജിന്റെ വിദ്യാഭ്യാസം.
2001 -ൽ ഉന്നതങ്ങളിൽ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായിക്കൊണ്ടായിരുന്നു ബൈജുരാജിന്റെ സിനിമയിലെ തുടക്കം. അതിനുശേഷം വേഷം, മയിലാട്ടം, ബാലേട്ടൻ, ഹരിഹരൻ പിള്ള ഹാപ്പിയാണ് പത്തോളം സിനിമകളിൽ അസിസ്റ്റ്ന്റ് ഡയറക്റ്റർ അസോസിയേറ്റ് ഡയറക്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
കടത്തനാട്ടിലെ കളരികളെ ആസ്പദമാക്കി ദൂരദർശൻ സംപ്രേക്ഷണം ചെയ്ത വീരമുദ്ര, കുഞ്ഞുണ്ണി മാഷും അക്ബർ കക്കട്ടിലും അഭിനയിച്ച പണ്ട് പണ്ടൊരു ദേശത്ത് എന്ന ഷോർട്ട് ഫിലിമുകൾക്ക് ബൈജുരാജ് തിരക്കഥ രചിച്ചിട്ടുണ്ട്. ബൈജുരാജ് രചനയും സംവിധാനവും നിർവഹിച്ച വിദ്യാഭ്യാസ പരിസ്ഥിതി സംബന്ധമായ ഇംഗ്ലീഷ് ആൽബം Knowledge is power -ന് അല അവാർഡ്, വിക്ടേഴ്സ് ചാനൽ അവാർഡ്, കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, ടെലിവിഷൻ ചേംബർ അവാർഡ്, കേരള ഫിലിം ഓഡിയൻസ് കൗൺസിൽ അവാർഡ് എന്നിവ ലഭിച്ചിരുന്നു. 2012 -ൽ 500 ഓളം മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ബൈജുരാജ് The world winner എന്നൊരു മോട്ടിവേറ്റിംഗ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്തു. കേരളത്തിലെ സ്പെഷൽ സ്കൂളുകളെ കുറിച്ച് കോഴിക്കോട് ദൂരദർശൻ നിർമ്മിച്ച് ബൈജുരാജ് ചേകവർ രചനയും സംവിധാനവും നിർവ്വഹിച്ച പൂമ്പാറ്റകളുടെ പള്ളിക്കൂടം എന്ന ഡോക്യൂമെന്ററിയ്ക്ക് 2017 -ലെ മികച്ച ഡോക്യൂമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചു. 2018 -ൽ സെന്റർ ഫോർ ഓട്ടിസം ഇന്ത്യയും, രാമേശ്വരത്തെ ഡോക്ടർ എ പി ജെ അബ്ദുൽ കലാം ഫൗണ്ടേഷനും ചേർന്ന് ദേശീയതലത്തിൽ നൽകുന്ന ഡോക്ടർ എ പി ജെ അബ്ദുൽ കലാം ഓട്ടിസം സപ്പോർട്ട് അവാർഡ് ബൈജുരാജിന് ലഭിച്ചിട്ടുണ്ട്.
ബൈജുരാജ് ചേകവർ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യുട്ടിഫുൾ ( L I B ) എന്ന ഷോർട്ട് ഫിലിമിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വ തിരക്കഥാമത്സരത്തിൽ അവാർഡ് ലഭിച്ചിരുന്നു. IDSFFK അടക്കം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പങ്കെടുത്ത എൽ ഐ ബി യ്ക്ക് മികച്ച സംവിധായകൻ അടക്കം ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്ന ബൈജുരാജ് ചേകവർ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ട്രഷറർ ആണ് .