അനീഷ് കുറ്റിക്കോൽ

Aneesh Kuttikkol

1980 ജനുവരി 13 -ന് എൻ. സി കൃഷ്ണന്റെയും കെ.ആർ കാർത്തിയായനിയുടെയും മകനായി കാസർക്കോട് ജില്ലയിലെ കുറ്റിക്കോൽ എന്ന സ്ഥലത്ത് ജനിച്ചു. അനീഷിന്റെ പ്രാഥമിക വിദ്യാഭ്യാസം കുറ്റിക്കോൽ എ. യൂ. പി സ്കൂൾ, ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു. യൂണിവേഴ്സൽ കോളേജ് കുറ്റിക്കോലിൽ നിന്നും പ്രീഡിഗ്രി കഴിഞ്ഞതിനുശേഷം എറണാകുളത്ത് നിന്നും മറൈൻ മെക്കാനിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ നേടി.

7-ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി ഗോപി കുറ്റിക്കോലിന്റെ നാടകത്തിലൂടെ അനീഷ് കലാപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.  മോണോ ആക്ട്, നാടകം തുടങ്ങിയവ പ്രധാന മേഖല. ഇരുപത്തിയഞ്ച് വർഷത്തോളമായി നാടക മേഖലയിൽ അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. കെ പി എ സി യുടെ നാടകത്തിലും അനീഷ് അഭിനയിച്ചിട്ടുണ്ട്.

ഗോബി കുറ്റിക്കോൽ സംവിധാനം ചെയ്ത ദർബോണിയായിരുന്നു അനീഷിന്റെ ആദ്യ സിനിമ. രണ്ടാമത്തെ സിനിമ iffk യിൽ മികച്ച പ്രതികരണം ലഭിച്ച വിനു കോളിച്ചാൽ സംവിധാനം ചെയ്ത ബിലാത്തികുഴൽ ആയിരുന്നു. അനീഷ് മൂന്നാമതായി അഭിനയിച്ച സിനിമയാണ് മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം. ബേബി എന്ന പലിശക്കാരനെയാണ് അനീഷ് ഈ സിനിമയിൽ അവതരിപ്പിച്ചത്.

അനീഷിന്റെ ഭാര്യ സവിത. രണ്ട് കുട്ടികൾ അതുൽ കൃഷ്ണ, അനിക കൃഷ്ണ.