കെ പി എ സി ലളിത

KPAC Lalitha
Date of Birth: 
ചൊവ്വ, 25 February, 1947
Date of Death: 
ചൊവ്വ, 22 February, 2022
മഹേശ്വരി
ആലപിച്ച ഗാനങ്ങൾ: 3

1947 ഫെബ്രുവരി 25 -ന്‌ കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ആറന്മുളയിലാണു മഹേശ്വരിയമ്മ എന്ന കെ പി എ സി ലളിത ജനിച്ചത്. പിതാവിൻ്റെ നാടായ കായംകുളത്തിനടുത്തുള്ള രാമപുരത്താണു കുട്ടിക്കാലം ചെലവഴിച്ചത്. കുട്ടിക്കാലത്ത് കലാമണ്ഡലം ഗംഗാധരനില്‍ നിന്നും നൃത്തം പഠിച്ചു. ചെറുപ്പത്തില്‍തന്നെ നാടകങ്ങളിലും മറ്റും അഭിനയിച്ചിരുന്നു. 'ഗീത' എന്ന നാടകസംഘത്തിൻ്റെ  'ബലി' ആയിരുന്നു ആദ്യനാടകം. പിന്നീട് ലളിത എന്ന പേരു സ്വീകരിച്ച് കായംകുളം കെ പി എ സിയില്‍ ചേര്‍ന്നു. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയപ്പോള്‍ പേരിനൊപ്പം കെ പി എ സി എന്നുകൂടി ചേര്‍ത്ത്, കെ പി എ സി ലളിത എന്നറിയപ്പെട്ടു.  പിന്നീട് അരനൂറ്റാണ്ടിലേറെയായി മലയാളസിനിമയുറ്റെ ഭാഗമായി പ്രവർത്തിക്കുന്നു. 2016ൽ കേരള സംഗീത നാടക അക്കാഡമിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 

1978 ല്‍ പ്രശസ്ത സംവിധായകന്‍ ഭരതനെ വിവാഹം കഴിച്ചു. ശ്രിക്കുട്ടി, സിദ്ധാര്‍ത്ഥ് എന്നിവരാണ്‌ മക്കള്‍.

അഭിനയത്തികവിനോടൊപ്പം വ്യത്യസ്ത്ഥമായ ശബ്ദവും ഈ നടിയെ ശ്രദ്ധേയയാക്കി. ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണൻ്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ ഈ അഭിനേത്രി വിസ്മയം സൃഷ്ടിച്ചു. 1998 ൽ ഭർത്താവിൻ്റെ നിര്യാണത്തെത്തുടർന്ന് സിനിമയിൽ നിന്നും കുറെക്കാലം വിട്ടുനിന്ന ലളിത പിന്നീട് സത്യൻ അന്തിക്കാടിൻ്റെ വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണു സിനിമയിലേക്ക് തിരികെയെത്തിയത്. 

അമരത്തിലേയും (1991) ശാന്തത്തിലേയും (2000) അഭിനയത്തിന്‌ ദേശീയപുരസ്കാരം ഈ നടിയെത്തേടിയെത്തി. നിരവധിതവണ സംസ്ഥാന ബഹുമതികളും ലഭിച്ചിട്ടുണ്ട്.