സറിൻ ഷിഹാബ്
കൊല്ലം സ്വദേശികളായ ഷിഹാബുദ്ധീന്റേയും മിനിയുടേയും മകളായി ഉത്തർപ്രദേശിൽ ജനിച്ചു. അച്ഛന്റെ ജോലി മാറ്റത്തിനനുസരിച്ച് ആസാമിലും ബാംഗ്ലൂരിലുമൊക്കെയായിരുന്നു പഠിച്ചതും വളർന്നതും.സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഐ ഐ റ്റി മദ്രാസിലായിരുന്നു തുടർപഠനം. അവിടെ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. ഐ ഐ ടി മദ്രാസിനുവേണ്ടി സറിൻ ഒരു നാടകം സംവിധാനം ചെയ്തിട്ടുണ്ട്.
കോളേജ് പഠന കാലത്താണ് സറിൻ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങിയത്. കോളേജ് നാടകങ്ങളിലായിരുന്നു തുടക്കം. ക്രിയാശക്തി, ഗിരീഷ് കർണാടിന്റെ മദ്രാസ് പ്ലയേഴ്സ് എന്നീ നാടക ട്രൂപ്പുകളിലെല്ലാം സറിൻ പ്രവർത്തിച്ചു. ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്ത ഫാമിലി മാൻ എന്ന വെബ്ബ് സീരിസിൽ അഭിനയിച്ചുകൊണ്ടാണ് സറിൻ സ്ക്രീനിലേക്കെത്തുന്നത്. ഫാമിലിമാൻ സറിനെ ശ്രദ്ധേയയാക്കി. അതിനുശേഷം രശ്മി റോക്കറ്റ്, ഇന്ത്യ ലോക്ക്ഡൗൺ എന്നീ ഹിന്ദി സിനിമകളിൽ അഭിനയിച്ചു. ബി 32" റ്റു 44" എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് സറിൻ ഷിഹാബ് മലയാള സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് ത്രിശങ്കു, ആട്ടം, ഇത്തിരി നേരം എന്നീ സിനിമകളിലും അഭിനയിച്ചു. ആട്ടത്തിലെ സറിന്റെ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു.