യശോദ

Yasoda
Palayad Yasoda
പാലയാട് യശോദ
യശോദ പാലയാട്
ശ്രീദേവി
ആലപിച്ച ഗാനങ്ങൾ: 5

പി.വി.കൃഷ്ണൻ വൈദ്യരുടെയും അമ്മുവമ്മയുടെയും മകളായി തലശ്ശേരി പാലയാട് ജനിച്ചു. മലയാള സിനിമയിലെ ആദ്യകാല ഗായികമാരിലൊരാളാണ് യശോദ. കുട്ടിക്കാലംമുതൽ സംഗീതവേദികളിൽ നിറഞ്ഞുനിന്ന യശോദയുടെ ആദ്യഗുരു അമ്മാവനായ കെ.കെ.നാണുവായിരുന്നു. സംഗീതത്തോടൊപ്പം, കളരിമുറകളും ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരിൽനിന്ന് നൃത്തവും അഭ്യസിച്ച അപൂർവ്വകലാകാരിയായിരുന്നു യശോദ. കലാരംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നത് വെല്ലുവിളിയായിരുന്നകാലത്താണ് പാലയാട് യശോദയുടെ രംഗപ്രവേശം. പത്താംവയസ്സിൽ 'വഴിവിളക്ക്'
എന്ന നാടകത്തില്‍ 'ചൊകചൊകചൊകന്നൊരീ ചെങ്കൊടി ഉയരട്ടെ' എന്നഗാനത്തിലൂടെയാണ് സംഗീതരംഗത്തേക്കെത്തിയത്. സംഗീതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും ഒരുകാലത്ത് മുഴങ്ങിക്കേട്ട പ്രമുഖ സ്ത്രീശബ്ദമായിരുന്നു പാലയാട് യശോദ. പിന്നീട് കെ.പി.എ.സി.യുടെയും കലാനിലയത്തിന്റെയും നാടകങ്ങളിൽ വേഷമിട്ട് അഭിനേത്രിയുമായി.

കടമറ്റത്ത് കത്തനാർ, കായംകുളം കൊച്ചുണ്ണി, വെള്ളിക്കാശ്,താജ്മഹൽ എന്നീ നാടകങ്ങളിൽ യശോദ പാടി അഭിനയിച്ചു. മാപ്പിളപ്പാട്ട് വേദികളിലും ഉത്സവപ്പറമ്പുകളിലും ഒരുകാലത്ത് നിറഞ്ഞുനിന്ന പേരായിരുന്നു പാലയാട് യശോദയുടേത്. 1962 -ൽ പളുങ്കുപാത്രം  എന്ന സിനിമയിൽ ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ഒരു ഗാാനം പാടിക്കൊണ്ടായിരുന്നു ചലച്ചിത്ര പിന്നണി ഗാനരംഗത്തെ അരങ്ങേറ്റം. 1974 -ൽ മിസ്റ്റർ സുന്ദരി എന്ന സിനിമയിൽ കണ്ണൂർ രാജന്റെ സംഗീതസംവിധാനത്തിൽ യശോദ പാടിയ  ''ആദിപരാശക്തി അമൃതവർഷിണി.." എന്ന ഗാനം ശ്രദ്ധനേടി. തങ്കക്കുടം എന്ന ചിത്രത്തിൽ നസീറിന്റെയും ഷീലയുടെയുമൊപ്പം അഭിനയിച്ചാണ് യശോദ സിനിമാഭിനയത്തിന് തുടക്കമിട്ടത്., കോളേജ് ഗേൾ, ഗാന്ധർവം എന്നിവയുൾപ്പെടെ അനേകം സിനിമകളിൽ യശോദ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് . യേശുദാസ്, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ എന്നിവരുടെകൂടെ നിരവധി ഗാനമേളകളില്‍ പാടിയിട്ടുള്ള യശോദ,ആകാശവാണി എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായിരുന്നു. സംഗീതാദ്ധ്യാപിക കൂടിയായിരുന്ന യശോദയ്ക്ക് കേരളലളിതകലാ അക്കാദമി ഗുരുപൂജ പുരസ്‌കാരം, മാപ്പിളകലാ അക്കാദമി പുരസ്‌കാരം, അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പുരസ്‌കാരം.എന്നിവ ലഭിച്ചിട്ടുണ്ട്.

രണ്ടുമക്കളാണ് യശോദയ്ക്കുള്ളത്. ഇളയമകൾ ശ്രേയ രാഘവ് ചലച്ചിത്ര പിന്നണി ഗായികയാണ്.