വഫ ഖദീജ
അബ്ദുൾ ഖാദർ കലന്തൂറിന്റെയും ഫാത്തിമ ബയാലിന്റെയും മകളായി കർണാടകയിലെ മംഗലാപുരത്ത് ഒരു ബ്യാരി മുസ്ലീം കുടുംബത്തിൽ ജനിച്ചു. വഫയ്ക്ക് മൂന്നു വയസ്സുള്ളപ്പോൾ റസ്റ്റോറന്റ് ബിസിനസുമായി ബന്ധപ്പെട്ട് കുടുംബം തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റി. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് ഐ എസ് സി സ്കൂളിലായിരുന്നു വഫയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കൊച്ചിയിലെ എൽ എൽ ബി കോളേജിൽ നിന്നും നിയമത്തിൽ ബിരുദമെടുത്തു. പഠനം കഴിഞ്ഞതിനുശേഷം വഫ എണസ്റ്റ് & യങ് കമ്പനിയുടെ ലീഗൽ വിഭാഗത്തിൽ ഒരു വർഷം ജോലി ചെയ്തു. പിന്നീട് ഒരു വർഷം ഹൈക്കോടതിയിൽ വക്കീലായി പ്രാക്റ്റീസ് ചെയ്തു. അതിനുശേഷം ലീഗൽ കോൺറ്റ്രാക്റ്റുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമോപദേശം കൊടുക്കുന്ന സ്വതന്ത്രമായ ജോലി ചെയ്യുകയാണ്.
സ്കൂൾ പഠനകാലത്ത് സീനിയറായി പഠിച്ചിരുന്ന റിയ(നൃത്ത സംവിധായിക സജ്ന സലാമിന്റ് മകൾ) വഴിയാണ് വഫ ഖദീജ സിനിമയിലേയ്ക്കെത്തുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായിരുന്ന റിയ, സിനിമയിൽ എയ്ഞ്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുവാൻ വഫയെ ക്ഷണിച്ചു. അങ്ങനെ പതിനെട്ടാം പടി എന്ന സിനിമയിലൂടെ വഫ സിനിമാരംഗത്തേയ്ക്ക് ചുവടുവെച്ചു. എൽ എൽ ബി മൂന്നാംവർഷ വിദ്യാർത്ഥിനിയായിരുന്നപ്പോളായിരുന്നു വഫയുടെ ആദ്യ സിനിമാഭിനയം. രണ്ടാമത്തെ ചിത്രം ദുൽഖർ സൽമാനോടൊപ്പം വരനെ ആവശ്യമുണ്ട് ആയിരുന്നു. അതിൽ വഫ എന്ന പേരിൽ തന്നെയായിരുന്നു അഭിനയിച്ചത്. തുടർന്ന് ദേശീയ അവാർഡ് ജേതാവ് അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന ഒരു ആന്തോളജി, ഷെയിൻ നിഗം നായകനാകുന്ന ആർ ഡി എക്സ്, നെറ്റ്ഫ്ലിക്സിനു വേണ്ടിയൊരുക്കുന്ന എംടി കഥകളെ അധാരമാക്കിയുള്ള ആന്തോളജി സിനിമയിലെ അദ്ദേഹത്തിന്റെ മകൾ അശ്വതി സംവിധാനം ചെയ്യുന്ന വിൽപന എന്നിവയിലും വഫ ഖദീജ അഭിനയിച്ചിട്ടുണ്ട്.