വിജി വെങ്കടേഷ്

Viji Venkatesh

തൃശ്ശൂർ സ്വദേശിയായ അച്ഛന്റെയും തിരുവനന്തപുരം സ്വദേശിയായ അമ്മയുടെയും മകളായി ഡൽഹിയിലാണ് വിജി ജനിച്ചത്. അച്ഛന് ഡൽഹി ആഭ്യന്തര മന്ത്രാലയത്തിലായിരുന്നു ജോലി എന്നതിനാൽ വിജി പഠിച്ചതും വളർന്നതും ഡൽഹിയിലായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയതിനുശേഷം വിവാഹിതയാവുകയും ഭർത്താവ് കൃഷ്ണ സ്വാമി വെങ്കിടേഷിനോടൊപ്പം മുബൈയിൽ താമസമാക്കുകയും ചെയ്തു. കുട്ടികളായതിനു ശേഷം വിജി വെങ്കിടേഷും കുടുംബവും വിദേശത്തേയ്ക്ക് പോവുകയും ഭർത്താവിന്റെ ജോലിയും കുട്ടികളൂടെ പഠിപ്പുമായി കുറച്ചുകാലം വെനസ്വേലയിലും പിന്നെ അമേരിക്കയിലും താമസിയ്ക്കുകയും ചെയ്തു.

ഇന്ത്യയിലേയ്ക്ക് തിരിച്ചുവന്നതിനുശേഷം വിജി വെങ്കിടേഷ് മാക് ഫൗണ്ടേഷനുകീഴിൽ പ്രോഗ്രാം കോഡിനേറ്റർ എന്ന ജോലിയിൽ ചേർന്നു. വിജിയുടെ നേതൃത്വത്തിൽ മാക് ഫൗണ്ടേഷനു കീഴിൽ കാൻസർ രോഗികളെ സഹായിക്കുന്നതിനായി "ചായ് ഫോർ കാൻസർ " എന്നൊരു ഫണ്ട് റേസിംഗ് പ്രോഗ്രാം ആരംഭിയ്ക്കുകയും തുടർന്നുപോരുകയും ചെയ്യുന്നുണ്ട്.

വിജി വെങ്കിടേഷിന്റെ സുഹൃത്തും ബംഗാളി നടിയും നർത്തകിയുമായ ശ്രീനന്ദ ശങ്കർ, വിജി വെങ്കിടേഷിന്റെ ഒരു ഫോട്ടോ ഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഈ ഫോട്ടോകൾ കാണാനിടയായ സംവിധായകൻ അഖിൽ സത്യൻ തന്റെ ആദ്യ ചിത്രമായ പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ ഉമ്മച്ചിയാകാൻ വിജി വെങ്കിടേഷിനെ സമീപിക്കുകയായിരുന്നു. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിൽ വിനീത് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഉമ്മച്ചിയായി അഭിനയിച്ചുകൊണ്ട് വിജി വെങ്കിടേഷ് സിനിമാഭിനയ രംഗത്ത് തുടക്കം കുറിച്ചു.

വിജി വെങ്കിടേഷിന് രണ്ട് മക്കളാണുള്ളത് വിവേക്, വിനയ്.