വെട്ടൂർ രാമൻ നായർ
കാവനാൽ ശങ്കരപിള്ളയുടെയും പര്യാത്ത് നാരായണിയമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ പാലയ്ക്ക് സമീപം മുത്തോലിയിലാണ് ജനിച്ചത്. പുലിയന്നൂർ, കുരുവിനാൽ, കിടങ്ങൂർ എൻ.എസ്.എസ്. ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു രാമൻ നായരുടെ വിദ്യാഭ്യാസം. 1938 -ൽ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണത്തിൽ പങ്കാളിത്തം വഹിച്ചു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആരംഭം മുതൽ ഇരുപത്തിയഞ്ച് വർഷത്തോളം സംഘത്തിൽ പ്രവർത്തിച്ചിരുന്നു. 1956 -ൽ സർക്കാർ രൂപീകരിച്ച ലൈബ്രറി അഡ്‌വൈസറി ബോർഡിൽ അംഗമായിരുന്നു.
1951 മുതൽ 12 വർഷത്തോളം സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലും പബ്ലിക്കേഷൻ കമ്മറ്റിയിലും പ്രവർത്തിച്ച രാമൻ നായർ, ഇന്ത്യാ പ്രസിന്റെ മാനേജർ, പബ്ലിക്കേഷൻ മാനേജർ, ജനറൽ മാനേജർ എന്നീ പദവികളും വഹിച്ചു. ഏതാനും വർഷം ഭാരതചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി സേവനം ചെയ്തിരുന്നു. കേരളസാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിൽ ആറ് ർഷവും ജനറൽ കൗൺസിലിൽ മൂന്ന് വർഷവും അദ്ദേഹം അംഗമായിരുന്നു. കേരള സാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റായി രാമൻ നായർ പ്രവർത്തിച്ചു. കേരള ഫിലിം ചേംബറിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി. 1975 മുതൽ 25 വർഷത്തോളം പാക്കാനാർ മാസികയുടെ പത്രാധിപരായിരുന്നു അദ്ദേഹം. ആദ്യത്തെ നോവലായ "ജീവിക്കാൻ മറന്നുപോയ സ്ത്രീ" നിരവധി ഇന്ത്യൻ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. സായാഹ്നം, ഒരു വെറും പ്രേമകഥ, പുരി മുതൽ നാസിക് വരെ, പുഴ തുടങ്ങിയ നിരവധി കൃതികളുടെ രചയിതാവായ ഇദ്ദേഹത്തിന് 1987 -ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങി വലുതും ചെറുതുമായ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1974 -ൽ കെ എസ് സേതുമാധവന്റെ സംവിധാനത്തിൽ ഷീല പ്രധാന വേഷം ചെയ്ത് ജീവിക്കാൻ മറന്നു പോയ സ്ത്രീ ചലച്ചിത്രമായി പുറത്തിറങ്ങി.
പാലാ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സഹൃദയ ബുക്സിന്റെ എം.ഡി. ആയിരിക്കെ 2003 -ൽ വെട്ടൂർ രാമൻ നായർ അന്തരിച്ചു