വേളൂർ കൃഷ്ണൻകുട്ടി
എൻ. എൻ. കുഞ്ഞുണ്ണിയുടെയും പാർവ്വതിയമ്മയുടെയും മകനായി കോട്ടയത്ത് വേളൂരിൽ നടുവിലേക്കരവീട്ടിൽ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം
കേരളദ്ധ്വനി, ദീപിക, ഈ നാട് എന്നീ പത്രങ്ങളുടെ പത്രാധിപസമിതി അംഗം, ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ, കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗം,
കേരളാ സ്റ്റേറ്റ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം, കെ.എസ്.ആർ.ടി.സി. ഉപദേശകസമിതി അംഗം, ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ഉപദേശകസമിതിയംഗം എന്നീ നിലകളിൽ വേളൂർ കൃഷ്ണൻകുട്ടി പ്രവർത്തിച്ചിട്ടുണ്ട്.
ഹാസ്യ സാഹിത്യകാരൻ എന്ന നിലയ്ക്കാണ് വേളൂർ കൃഷ്ണൻകുട്ടി പ്രശസ്തനായത്. ദൈവത്തെ തൊട്ടാൽ തൊട്ടോനെ തട്ടും, വേല മനസ്സിലിരിക്കട്ടെ, മാസപ്പടി മാതുപിള്ള, പഞ്ചവടിപ്പാലം, അമ്പിളി അമ്മാവൻ, ജർമ്മൻ കിസ്സ്, വീണപൂവിലെ സാത്വികഹാസ്യം (പഠനഗ്രന്ഥം) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. ചിരിയരങ്ങുകൾ നടത്തിയിരുന്ന കൃഷ്ണൻകുട്ടി ജർമ്മനി, അമേരിക്ക, അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, അലയ്ൻ, അജ്മാൻ എന്നീ രാജ്യങ്ങളിൽ ചിരിയരങ്ങുകൾ നടത്തിയിട്ടുണ്ട്. കൂടാതെ ആകാശവാണിയിൽ 30 വർഷത്തിലധികം ഹാസ്യപ്രഭാഷണം നടത്തിയിട്ടുള്ള ഇദ്ദേഹം പതിനായിരത്തിലേറെ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. ദൂരദർശൻ ചാനലിൽ ഇന്റർവ്യൂകൾ നടത്തിയിരുന്ന വേളൂർ കൃഷ്ണൻകുട്ടി രാജവീഥി, ചുഴലി, ക്ലാരമ്മയുടെ ക്ലാ, അവൻതാൻ ഇവൻ എന്നീ ദൂർദർശൻ സീരിയലുകളുടെ ഭാഗമായിട്ടുണ്ട്.
വേളൂർ കൃഷ്ണൻകുട്ടിയുടെ കൃതികളായ മാസപ്പടി മാതുപിള്ള, പഞ്ചവടിപ്പാലം, എന്നിവ ചലച്ചിത്രങ്ങളായിട്ടുണ്ട്. അമ്പിളി അമ്മാവൻ എന്ന സിനിമയ്ക്ക് സംഭാഷണം രചിച്ചത് കൃഷ്ണൻകുട്ടിയായിരുന്നു. വേല മനസ്സിലിരിക്കട്ടെ എന്ന കൃതിക്ക് 1974 -ൽ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൂടാതെ 1984 -ൽ ഇ. വി. കൃഷ്ണപിള്ള മെമ്മോറിയൽ അവാർഡ്, 1995 -ൽ ഇ. വി. കൃഷ്ണപിള്ള ജന്മശതാബ്ദി സ്മാരകപുരസ്കാരം, 1995 -ൽ കെ. കരുണാകരൻ സപ്തതി സ്മാരക സേവാസംഘത്തിന്റെ അവാർഡ് എന്നിവയാണ് കൃഷ്ണൻകുട്ടിക്ക് ലഭിച്ച പ്രധാന പുരസ്കാരങ്ങളിൽ ചിലത്.
2023 ആഗസ്റ്റിൽ വേളൂർ കൃഷ്ണൻകുട്ടി അന്തരിച്ചു. ശാന്തയാണ് അദ്ദേഹത്തിന്റെ ഭാര്യ.