വരദ
മലയാള ചലച്ചിത്ര, സീരിയൽ നടി. തിരുവനന്തപുരത്ത് ജനിച്ചു. എമി എന്നതായിരുന്നു യഥാർത്ഥ നാമം. സ്കൂളിൽ പഠിയ്ക്കുന്ന കാലത്തുതന്നെ പ്രാദേശിക ചാനലുകളിൽ എമി പ്രോഗ്രാമുകൾ അവതരിപ്പിച്ചിരുന്നു. പ്ലസ് വണ്ണിനു പഠിയ്ക്കുമ്പോൾ മോഡലിംങ്ങിനു പോകാൻ തുടങ്ങി. അതിനെ തുടർന്നാണ് സിനിമയിൽ അവസരം ലഭിയ്ക്കുന്നത്. 2006-ൽ എം പത്മകുമാർ സംവിധാനം ചെയ്ത വാസ്തവം എന്ന ചിത്രത്തിൽ പൃത്ഥ്വിരാജിന്റെ അനുജത്തിയുടെ വേഷത്തിലായിരുന്നു ആദ്യാഭിനയം. അതിനുശേഷം സുൽത്താൻ എന്ന സിനിമയിൽ വിനു മോഹന്റെ നായികയായി. ആ സിനിമയിൽ അഭിനയിയ്ക്കുമ്പോളാണ് എമി എന്ന പേരു മാറ്റി വരദ എന്ന പേര് സ്വീകരിയ്ക്കുന്നത്. മകന്റെ അച്ഛൻ എന്ന സിനിമയിൽ വിനീത് ശ്രീനിവാസന്റെയും, വലിയങ്ങാടിയിൽ മണിക്കുട്ടന്റെയും നായികയായി. ഉത്തരാ സ്വയംവരം എന്ന സിനിമയിൽ ജയസൂര്യയുടെ അനുജത്തിയായും അഭിനയിച്ചു.
പിന്നീട് വരദ സീരിയലിലേയ്ക്ക് മാറി. നിരവധി സീരിയലുകളിൽ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി. സിനിമകളിലേക്കാൾ വരദ ശ്രദ്ധിയ്ക്കപ്പെട്ടത് സീരിയലുകളിലാണ്.
സീരിയൽ നടനായ ജിഷിനെയാണ് വരദ വിവാഹം ചെയ്തത്. 2014 മെയ് മാസത്തിലായിരുന്നു അവരുടെ വിവാഹം.