സ്വാതി ദാസ് പ്രഭു

Swathi Das Prabhu

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി.  1995 മേയ് 18ന് പ്രഭാകരൻ, പുഷ്പ എന്നിവരുടെ മകനായി കാഞ്ഞങ്ങാട് തന്നെ ആണ് ജനിച്ചത്. പഠിച്ചതും വളർന്നതുമെല്ലാം ഗൾഫിലായിരുന്നു. അച്ഛന് ഷാർജയിൽ ബിസിനസുണ്ടായിരുന്നതിനാൽ കുടുംബവുമൊത്ത് ഷാർജയിലായിരുന്നു. അമ്മ കർണാടക സംഗീതം പഠിപ്പിക്കുന്ന മ്യൂസിക് ടീച്ചറായിരുന്നു. ഷാർജ ഇന്ത്യൻ സ്കൂളിലാണ് സ്വാതി പ്ലസ്ടു വരെ പഠനം നടത്തിയത്. സംഗീതം ജന്മനാ കൂടെയുണ്ടായിരുന്ന സ്വാതി പാട്ടിനൊപ്പം സ്കൂളിലെ കലാ മേളകളിൽ മിമിക്രി, മോണോ ആക്റ്റ്, ഓട്ടൻ തുള്ളൽ തുടങ്ങിയ ഇനങ്ങളിലൊക്കെ സമ്മാനാർഹനായിരുന്നു. പ്ലസ്ടുവിനു ശേഷം  ജേർണലിസം & മാസ് കമ്യൂണിക്കേഷൻ കോഴ്സ് ചെന്നൈയിൽ പഠിച്ചു. ഇന്റേൺഷിപ്പൊക്കെ കഴിഞ്ഞ് തിരികെ നാട്ടിലെത്തി ബിരുദാനന്തര പഠനത്തിനായി തേവര സേക്രഡ് ഹാർട്ട് കോളേജ് കൊച്ചിയിൽ സിനിമ & ടെലിവിഷൻ മാസ്റ്റർ ബിരുദം പൂർത്തിയാക്കി.

അഭിനയരംഗത്ത് തുടക്കമിടുന്നത് വെബ് സീരീസിലൂടെയാണ്. ഫ്ലവേർസ് ടിവിയുടെ യൂട്യൂബ് ചാനലിലെ "ഡബിൾ ഡക്കർ" എന്ന വെബ്‌സീരീസാണ് ആദ്യം ചെയ്യുന്നത്. അതിനു ശേഷം ആ ടീമിന്റെ തന്നെ "കൊച്ചിൻ ഹേസ്റ്റ്" എന്ന വെബ്സീരീസിലെ പ്രൊഫസർ എന്ന കഥാപാത്രവുമായിരുന്നു. ഇതിനു ശേഷം ഒരേ കോളേജിൽ സീനിയറായി പഠിച്ചിരുന്ന വസിം ഹൈദർ വഴിയാണ് സിനിമയിലേക്കുള്ള അവസരമൊരുങ്ങുന്നത്. വസിം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്ന വൈറസ് എന്ന സിനിമയിൽ ഒരു ചെറിയ രംഗം അഭിനയിച്ച് കൊണ്ട് മലയാള സിനിമയിൽ തുടക്കമിട്ടു. തുടർന്ന് അവിടുന്ന് ബിനു പപ്പുവിനെ പരിചയപ്പെടുകയും തുടർന്ന് നാരദനിലും തല്ലുമാലയുടെ ഓഡീഷനിലേക്കും ഒക്കെ എത്തുകയായിരുന്നു. തല്ലുമാലയുടെ ഒഡീഷനിൽ അഭിനയിക്കുന്നതിനു പകരം സംവിധായകൻ ഖാലിദ് റഹ്മാൻ ഒരു റാപ്പ് സോംഗെഴുതി പെർഫോം ചെയ്യാൻ ആവശ്യപ്പെട്ടതിനേത്തുടർന്ന് അത് പെർഫോം ചെയ്താണ് സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ തല്ലുമാലയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ സത്താറിനെ ആണ് സ്വാതിദാസ് അവതരിപ്പിച്ചത്.

നിലവിൽ ബേസിൽജോസഫ് നായകനാവുന്ന "കഠിനകഠോരമീ അണ്ഡകടാഹ"മെന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നു.

സ്വാതിയുടെ അച്ഛൻ മംഗളൂർ വിമാനദുരന്തത്തിൽ മരണപ്പെട്ടിരുന്നു, അതിനു ശേഷം അമ്മ പുഷ്പാ പ്രഭാകരനായിരുന്നു സംഗീതത്തിനൊപ്പം ഷാർജയിലെ ബിസിനസൊക്കെ ഏറ്റെടുത്ത് നടത്തിയിരുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ അമ്മയും, ബംഗളൂരിൽ ബിരുദത്തിനു പഠിക്കുന്ന സഹോദരി സ്വരലയ എന്നിവരും, ഭാര്യ ഗായത്രിയുമടങ്ങുന്നതാണ് സ്വാതിയുടെ കുടുംബം.

സ്വാതിയുമായുള്ള  ഇന്റർവ്യൂ ഇവിടെ വായിക്കാം - അമ്പൈസിപ്പൊണ്ടോ അമ്പൈസിപ്പില്ല്യാ..ഒരു പൊന്നാനി ഹിപ്പ് ഹോപ്പ് സാഹിത്യകാരൻ തല്ലുകാരൻ.. - | M3DB Cafe

സ്വാതി ദാസ് പ്രഭുവിന്റെ  ഫേസ്ബുക്ക്ഇൻസ്റ്റഗ്രാം