ശ്രീരേഖ

Sreerekha (Actress)

ആലപ്പുഴ തണ്ണീർമുക്കം സ്വദേശിനി.  KSEB എഞ്ചിനീയറായിരുന്ന രാജഗോപാൽ (പരേതൻ), കൊച്ചിൻ പോർട് ട്രസ്റ്റ് ജീവനക്കാരിയായിരുന്ന ഗിരിജാ കുമാരി എന്നിവരുടെ മകളായി ജനനം. കുട്ടിക്കാലം മുതൽ തന്നെ സംഗീതം, നൃത്തം തുടങ്ങിയ ഇനങ്ങളിൽ കലോൽസവ വേദികളിൽ സമ്മാനാർഹയായിരുന്ന ശ്രീരേഖ വീണ്ടും ജ്വാലയായി, ശ്രീഗുരുവായൂരപ്പൻ, മിന്നു കെട്ട് തുടങ്ങി നിരവധി ടിവിസീരിയലുകളിൽ ചെറുപ്പകാലത്ത് വേഷമിട്ടിരുന്നു. കാഴ്ച്ച, വാർ & ലൗ തുടങ്ങിയ സിനിമകളിലും ചെറു വേഷങ്ങളിലെത്തിയിട്ടുണ്ട്. തുടർന്ന് പഠനത്തിലേക്ക് പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ച ശ്രീരേഖ സൈക്കോളജിസ്റ്റായി ‌പ്രൊഫഷണലി ബിരുദമെടുത്തു. ആലപ്പുഴ ശിശുക്ഷേമ സമിതിയിൽ സൈക്കോളജിസ്റ്റായി വർക്ക് ചെയ്യുന്നതിനിടെ ടിക്ടോക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ നിരവധി പെർഫോമൻസുകളിലൂടെ ശ്രദ്ധേയയായി മാറി. അങ്ങനെയാണ് സംവിധായകൻ ശരത് തന്റെ വെയിൽ എന്ന സിനിമയിലെ രാധ എന്ന അമ്മക്കഥാപാത്രമായി ശ്രീരേഖയെ കാസ്റ്റ് ചെയ്യുന്നത്. 

മിന്നുകെട്ട് സീരിയയിൽ അബിയുടെ ഭാര്യയായി ചെറുപ്പത്തിൽ വേഷമിട്ട ശ്രീരേഖക്ക് വെയിലെന്ന സിനിമയിൽ അബിയുടെ മകനായ ഷെയ്ൻ നിഗമിന്റെ അമ്മയായി വേഷമിട്ടു എന്ന കൗതുകവുമുണ്ട്. സിനിമക്ക് വേണ്ടി ഏകദേശം 18 കിലോയോളം ഭാരം വർദ്ധിപ്പിച്ച് രണ്ട് മക്കളുടെ അമ്മ വേഷത്തിലെത്തിയ ശ്രീരേഖക്ക് ‌സംസ്ഥാന സർക്കാരിന്റെ മികച്ച സ്വഭാവനടിക്കുള്ള അവാർഡും ലഭ്യമായിരുന്നു.

മോർഗ്, ഗലീലിയോ, വെയിൽ തുടങ്ങിയ സിനിമകളിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രോജക്റ്റ് കോർഡിനേറ്ററുമൊക്കെയായ സന്ദീപ് ശ്രീധരനാണ് ഭർത്താവ്. സന്ദീപ് ശ്രീധരന്‍ കൊരട്ടിയിൽ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സ്റ്റുഡിയോ നടത്തുകയാണ്.ഇപ്പോൾ അവർ സന്ദീപിനും കുടുംബത്തിനും ഒപ്പം തൃശ്ശൂർ കൊരട്ടി കോനൂർ നാലുകെട്ട് ഭാഗ്യശ്രീയിൽ ആണ് താമസം.