സതീഷ് കുമാർ

Satheeshkumar
സതീഷ്കുമാർ
Date of Birth: 
Wednesday, 27 September, 1967
ആലപിച്ച ഗാനങ്ങൾ: 1

കൊല്ലം ജില്ലയിലെ തൃക്കടവൂർ ഇൽ കരസേനയിൽ ഉദ്യോഗസ്ഥനായിരുന്ന എസ് രാമചന്ദ്രൻപിള്ള യുടെയും പെരിനാട് ഗവൺമെന്റ് സ്കൂളിൽ ജോലിചെയ്തിരുന്ന എസ് ശ്യാമള കുമാരി അമ്മയുടെയും മകനായി 1967 സെപ്റ്റംബർ മാസം 27ന് ജനിച്ചു.

നീരാവിൽ എസ് എൻ.ഡി.പി.വൈ ഹൈസ്കൂളിൽ വിദ്യാഭ്യാസത്തിനുശേഷം പ്രീഡിഗ്രിക്ക് കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ചേർന്നു. സംസ്ഥാനത്ത് എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്കോടെ ടി.കെ.എം എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ പഠനത്തിനായി പ്രവേശിച്ചു. എൻജിനീയറിങ്ങിൽ ഉന്നത വിജയത്തിന് ശേഷം കേരള സർക്കാർ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ ( കെൽട്രോൺ) എൻജിനീയർ ആയി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ ജനറൽ മാനേജർ തസ്തികയിൽ കോഴിക്കോട് മൂടാടി യൂണിറ്റിന്റെ തലവനായി പ്രവർത്തിക്കുന്നു.

സ്കൂൾ കാലഘട്ടത്തിൽ തന്നെ സംഗീത അഭിരുചി പ്രകടിപ്പിച്ചെങ്കിലും സംഗീതപഠനം ഉണ്ടായിട്ടില്ല. അതേസമയം ആകാശവാണി തിരുവനന്തപുരം നിലയത്തിൽ റേഡിയോ നാടകങ്ങൾ എഴുതിയിരുന്നു. അതോടൊപ്പം തന്നെ സ്കൂളിലും കോളേജിലും കവിയരങ്ങുകളിൽ പങ്കെടുക്കുകയും മാഗസിനുകളിൽ കവിതകൾ എഴുതിയിട്ടുമുണ്ട്. പഠിച്ച കോളേജുകളെ പ്രതിനിധീകരിച്ച് യൂണിവേഴ്സിറ്റി യുവജനോത്സവങ്ങളിൽ ലളിതഗാനത്തിന് പങ്കെടുത്തിട്ടുണ്ട്. അഞ്ചുവർഷക്കാലം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ജഡ്ജ് ആയി പ്രവർത്തിച്ചു. തിരുവനന്തപുരത്ത് ജോലിയിലിരിക്കെ പത്മശ്രീ ശ്രീ കെ പി ഉദയഭാനുവിന്റെ നേതൃത്വത്തിലുള്ള സബർമതി എന്ന ദേശഭക്തിഗാനം ഗ്രൂപ്പിൽ അംഗമായി ചേർന്നു..

ഇക്കാലയളവിൽ തന്നെ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജ് പ്രൊഫസറായിരുന്ന ശ്രീ ആര്യനാട് സദാശിവന്റെ ശിക്ഷണത്തിൽ കർണാടക സംഗീതം അഭ്യസിച്ചു.

ഋതു പൂർണിമ, ഭക്തി സാഗരം, ചിലമ്പ്, കാവിലമ്മ തുടങ്ങി അനവധി ആൽബങ്ങൾക്ക് വേണ്ടി ഗാനങ്ങൾ ആലപിക്കുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ടെലിഫിലിമുകളിലും ഓൾഡ് ഈസ് ഗോൾഡ് ഗാനമേളകളിലും ഗായകനായി പ്രവർത്തിക്കുന്നു....