ശശികുമാർ

Sasikumar Tamizh Actor

കോളേജധ്യാപകനായിരുന്ന രാധാകൃഷ്ണൻ്റെയും സാവിത്രിയുടെയും മകനായി 1944 -ൽ തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു. വിജയകുമാർ എന്നായിരുന്നു യഥാർത്ഥ നാമം. പിതാവ് അധ്യാപകനായിരുന്ന ട്രിച്ചി നാഷണൽ കോളേജിലാണ് ശശികുമാറിന്റെ ബി എസ് സി കെമിസ്ട്രി പഠനം. ബിരുദപഠനത്തിൻ്റെ മൂന്നാം വർഷാരംഭത്തിൽ ശശികുമാറിന് സൈന്യത്തിൽ സെലക്ഷൻ കിട്ടുകയുണ്ടായി. ബിരുദാനന്തരം അദ്ദേഹത്തിന് ലഫ്റ്റനൻ്റായി സ്ഥാനക്കയറ്റം ലഭിക്കുകയും പട്യാലയിലേക്ക് മാറുകയും ചെയ്തു. ഇന്ത്യ-ചൈന യുദ്ധസമയത്ത്, ബാറ്റൺ ബെയറിംഗ് യൂണിറ്റിൻ്റെ ചുമതല സ്തുത്യർഹമായി നിർവ്വഹിക്കുക വഴി ശശികുമാർ ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രത്യേക മെഡലിന് അർഹനായി.

പട്ടാളത്തിൽ നിന്ന് വിരമിച്ച് ചെന്നൈയിൽ മടങ്ങിവന്നതിനുശേഷം ശശികുമാർ കലാരംഗത്തേയ്ക്ക് പ്രവേശിച്ചു. അഭിനയത്തോട് വലിയ താത്പര്യമുണ്ടായിരുന്ന അദ്ദേഹം ഒരു നാടക ട്രൂപ്പ് ആരംഭിച്ച് നാടകങ്ങൾ അവതരിപ്പിക്കുകയും അവയിൽ അഭിനയിക്കുകയും ചെയ്തു. 1969 -ൽ K ബാലാജിയുടെ തിരുടൻ എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് ശശികുമാർ ചലച്ചിത്രമേഖലയിലേയ്ക്ക് പ്രവേശിച്ചു. 1970 -ൽ AP നാഗരാജൻ സംവിധാനം ചെയ്ത തിരുമലൈ തെൻകുമരി -ആണ് ഒരഭിനേതാവെന്ന നിലയിലുള്ള വിജയകുമാറിൻ്റെ ആദ്യചിത്രം.ഈ ചിത്രത്തിലൂടെ വിജയകുമാർ എന്നപേര്, ശശികുമാർ എന്നാക്കി മാറ്റി. AC ത്രിലോക്ചന്ദറിൻ്റെ അവൾ എന്ന ചിത്രം ശശികുമാറിനെ പ്രശസ്തനാക്കി. തുടർന്ന് നായകനായും ഉപനായകനായും വില്ലനായുമൊക്കെ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

1972 -ൽ കെ വിജയൻ സംവിധാനം ചെയ്ത ഇനി ഒരു ജന്മം തരൂ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്തുകൊണ്ടാണ് ശശികുമാർ മലയാള സിനിമയിലെത്തുന്നത്. മലയാളത്തിൽ ഈ ഒരു സിനിമയിൽ മാത്രമേ അദ്ദേഹം അഭിനയിച്ചിട്ടുള്ളൂ. 1974 ഓഗസ്റ്റിൽ വീട്ടിലെ അടുക്കളയിൽ ഉണ്ടായ ഒരു തീപിടുത്തത്തിൽ സാരമായ പൊള്ളലേറ്റാണ് ശശികുമാറും അദ്ദേഹത്തിന്റെ ഭാര്യ ശശികലയും മരിക്കുന്നത്. അവർക്ക് രണ്ടു മക്കളാണ് ഉണ്ടായിരുന്നത്. നന്ദിനി(മകൾ), വിജയ സാരഥി(മകൻ) മകൻ വിജയ സാരഥി തൊണ്ണൂറുകളിൽ സൺ ടിവിയിൽ അവതാരകനായിരുന്നു. നിരവധി തമിഴ് സീരിയലുകളിലും ചില തമിഴ് സിനിമകളിലും വിജയസാരഥി അഭിനയിച്ചിട്ടുണ്ട്.