ശരണ്യ മോഹൻ

Saranya Mohan

മലയാള ചലച്ചിത്ര നടി. 1989 ഫെബ്രുവരിയിൽ മോഹന്റെയും കലാമണ്ഡലം ദേവിയുടെയും മകളായി ആലപ്പുഴ ജില്ലയിൽ ജനിച്ചു. ശരണ്യയുടെ മാതാപിതാക്കൾ നർത്തകരും നൃത്താദ്ധ്യാപകരുമായിരുന്നു. Y K B ഡാൻസ് അക്കാദമി എന്ന നൃത്ത വിദ്യാലയം നടത്തുകയാണ് അവർ. ചെറുപ്പത്തിലെ നൃത്തം പഠിച്ചുതുടങ്ങിയ ശരണ്യ ക്ലാസിക്കൽ ഡാൻസറാണ്. ആലപ്പുഴ സെന്റ് ജോസഫ് കോളേജ് ഫോർ വുമണിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. ചിദംബരം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗീഷ് സാഹിത്യത്തിൽ പി ജിയും, ഭരതനാട്യത്തിൽ  എം എഫ് എയും നേടി.

സംവിധായകൻ ഫാസിലാണ് ശരണ്യ മോഹനെ സിനിമയിലേയ്ക്ക് കൊണ്ടുവരുന്നത്. അനിയത്തിപ്രാവ് എന്ന സിനിമയുടെ തമിഴ് റീമേയ്ക്കായ  Kadhalukku Mariyadhai എന്ന ചിത്രത്തിൽ ബാല നടിയായിട്ടായിരുന്നു ശരണ്യ ആദ്യമായി അഭിനയിച്ചത്. തുടർന്ന് ഹരികൃഷ്ണൻസ്, രക്തസാക്ഷികൾ സിന്ദാബാദ്.. തുടങ്ങിയ സിനിമകളിൽ ബാല നടിയായി അഭിനയിച്ചു. അതിനുശേഷം പഠനത്തിനുവേണ്ടി സിനിമയിൽ നിന്നും കുറച്ചുകാലം വിട്ടുന്ന ശരണ്യ 2005-ൽ Oru naal oru kanavu എന്ന ഫാസിലിന്റെ തമിഴ് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തുകൊണ്ടാണ് തിരിച്ചുവരുന്നത്. 2008-ൽ  Yaaradi nee Mohini എന്ന ധനുഷ് ‌- നയൻതാര ചിത്രത്തിലെ ശരണ്യയുടെ വേഷം പ്രേക്ഷകപ്രീതിനേടി. തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു, ശരണ്യ അഭിനയിച്ച വേഷങ്ങളിൽ ഭുരിഭാഗവും അനുജത്തിവേഷങ്ങളായിരുന്നു.

ശരണ്യ മോഹൻ ഒരു ഇടവേളയ്ക്കുശേഷം മലയാളത്തിൽ അഭിനയിച്ചത് കെമിസ്റ്റ്രി എന്ന സിനിമയിലായിരുന്നു. നായികയായിട്ടായിരുന്നു അഭിനയിച്ചത്. 2011-ൽ ഇന്നാണാ കല്യാണം എന്ന സിനിമയിൽ നായികയായി. പത്തോളം മലയാള സിനിമകളിലാണ് ശരണ്യ അഭിനയിച്ചിട്ടുള്ളത്. തമിഴ്,തെലുങ്കു ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ശരണ്യയുടെ വിവാഹം 2015-ലായിരുന്നു. ഡോക്ടർ അരവിന്ദ് കൃഷ്ണനാണ് ഭർത്താവ്. രണ്ടുകുട്ടികളാണ് അവർക്കുള്ളത്. മകൻ അനന്തപത്മനാഭൻ, മകൾ അന്നപൂർണ്ണ.