സന്തോഷ് പാലി
പാലക്കാട് സ്വദേശി. മാധ്യമ പ്രവർത്തകൻ, ടിവി/റേഡിയോ അവതാരകൻ, സിനിമാ അഭിനേതാവ് എന്ന നിലകളിൽ ശ്രദ്ധേയൻ. ബികോം ബിരുദധാരിയായ സന്തോഷ് പാലക്കാട് കേന്ദ്രീകരിച്ച Colours of the world എന്ന അഡ്വൈർടൈസിംഗ് ഏജൻസിയിൽ ഒരു കോപ്പി റൈറ്റർ ആയിട്ടാണ് പ്രൊഫഷണൽ രംഗത്ത് തുടക്കമിടുന്നത്. പിൽക്കാലത്ത് സംവിധായകൻ ശ്രീകുമാർ മേനോന്റെ പുഷ് ക്രിയേറ്റീവ്സായി മാറിയ പരസ്യ ഏജൻസിയായിരുന്നു അത്. ടിവി അവതാരകൻ ആവാനുള്ള സ്ക്രീൻ ടെസ്റ്റിൽ ആദ്യം പരാജയപ്പെട്ടെങ്കിലും സന്തോഷ് അതേ ചാനലിൽത്തന്നെ പ്രഭാത പരിപാടി എഴുതി അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അങ്ങനെ ടിവി രംഗത്ത് തുടക്കമിടുകയുമായിരുന്നു. സൂര്യ ടിവിയിലൂടെ ആണ് തുടക്കമെങ്കിലും കൈരളി ടിവിയിലെ ജനപ്രിയ പരിപാടികളുടെ അവതാരകനും നിർമ്മാതാവുമായി ഏറെ ശ്രദ്ധ നേടി. ഒരു കാലത്ത് കൈരളി ടിവിയുടെ 'കൈരളി ഓൺ ഡിമാന്റ്, അശ്വമേധം, ഗന്ധർവ്വസംഗീതം' തുടങ്ങിയ പരിപാടികളൊക്കെ സാക്ഷാത്കാരം നടത്തി വലിയ ജനപ്രിയ പരിപാടികളാക്കിയതിനു പിന്നിൽ സന്തോഷ് പാലിയായിരുന്നു. കൈരളി ടിവിയുടെ പ്രോഗ്രാം വിഭാഗം മേധാവിയുമായിരുന്നു.
തുടർന്ന് കൈരളിയിൽ നിന്ന് സൂര്യയിലേക്കും തിരികെ കൈരളി അറേബ്യയിലുമൊക്കെ പ്രവർത്തിച്ചു. ശംഭു, പാസ് പാസ് എന്ന മലയാള സിനിമകളിൽ അഭിനയിച്ചു. പാസ് പാസ് എന്ന സിനിമയിലെ നായകനായിരുന്നു. ഒടുവിൽ അഭിനയിച്ച സിനിമ ഡോൺ മാക്സ് സംവിധാനം ചെയ്ത് മീരാ ജാസ്മിൻ നായികയായി വന്ന പത്ത് കല്പനകളായിരുന്നു.
ബഹ്റൈൻ റേഡിയോയിലും സജീവമായിരുന്ന സന്തോഷ് നിലവിൽ ഖത്തറിലെ റേഡിയോ സുനോ 91.7 എഫ് എം & റേഡിയോ സുനോ ലങ്ക എന്നീ ചാനലുകളുടെ സ്റ്റേഷൻ മേധാവിയായി പ്രവർത്തിക്കുന്നു. മാധ്യമരംഗത്ത് തന്നെ പ്രശസ്തയും ടിവി അവതാരകയുമായിരുന്ന ആൻ പാലിയാണ് സന്തോഷിന്റെ ഭാര്യ.
കുട്ടികളുമൊത്ത് ഖത്തറിൽ താമസം.
സന്തോഷിന്റെ ഫേസ്ബുക്ക് വിലാസമിവിടെ | റേഡിയോ പ്രൊഫൈലിവിടെ