ശങ്കരനാരായണ പണിക്കർ
അമ്പലപ്പുഴയിലെ പ്രസിദ്ധ നാദസ്വര വിദ്വാനായിരുന്ന വൈക്കം കുട്ടപ്പപ്പണിക്കരുടെ മകനായി ജനിച്ചു. ഗോപാലകൃഷ്ണപ്പണിക്കർ, രാമകൃഷ്ണപ്പണിക്കർ എന്നിവർ സഹോദരന്മാരായിരുന്നു. ചെറുപ്പത്തിലെ സംഗീത പഠനം തുടങ്ങിയ ശങ്കരനാരായണ പണിക്കരും ഗോപാലകൃഷ്ണ പണിക്കരും നാദസ്വരവാദനത്തിൽ പ്രശസ്തരായി.. അമ്പലപ്പുഴ സഹോദരന്മാർ എന്ന പേരിലാണ് അവർ അറിയപ്പെട്ടത്.
ശങ്കരനാരായണ പണിക്കർ സഹോദരന്മാരോടൊപ്പം നാട്ടിൽ സംഗീത ക്ലാസുകൾ നടത്തി വന്നിരുന്നു. അവർ പിന്നീട് ക്ഷേത്രകലകളുടെയും, കഥകളി - നൃത്തം തുടങ്ങിയവയുടെയും വളർച്ചയ്ക്കുതകും വിധം അമ്പലപ്പുഴ തെക്കേനടയിൽ 1938 -ൽ ചെമ്പകശ്ശേരി നടനകലാമണ്ഡലം എന്ന സ്ഥാപനം ആരംഭിച്ചു.
പ്രഗത്ഭരായ നിരവധി കഥകളികലാകാരന്മാരേയും സംഗീതവിദ്വാന്മാരേയും നാദസ്വരവിദഗ്ദ്ധരേയും ഈ സ്ഥാപനം കലാകേരളത്തിന് സംഭാവന നൽകിയിട്ടുണ്ട്.
1950 -ൽ മലയാളത്തിലെ പന്ത്രണ്ടാമത്തെ ചിത്രമായ ചന്ദ്രിക -യിൽ ഒരു ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചുകൊണ്ട് സഹോദരനോടൊപ്പം ശങ്കരനാരായണ പണിക്കർ ചലച്ചിത്ര സംഗീതരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. പി.ഭാസ്കരൻ രചിച്ച "അൻപെഴുമെൻ പ്രിയതോഴികളേ...എന്ന നൃത്തഗാനമാണ് ചിട്ടപ്പെടുത്തിയത്. അമ്പലപ്പുഴ ബ്രദേഴ്സ് എന്നപേരിലായിരുന്നു ശങ്കരനാരായണ പണിക്കരും സഹോദരൻ ഗോപാലകൃഷ്ണ പണിക്കരും ഗാനത്തിന് സംഗീതമൊരുക്കിയത്.
1967 ഡിസംബറിൽ ശങ്കരനാരായണ പണിക്കർ അന്തരിച്ചു.