രേഷ്മ

Reshma

ബാംഗ്ലൂർകാരിയാണ് അസ്മബാനു എന്ന രേഷ്മ. ആസൈ നൂറ് എന്ന കന്നടച്ചിത്രത്തിലെ നായികയായി അഭിനരംഗത്ത് വന്നു. മലയാളത്തിൽ രേഷ്മയെ പോപ്പുലറാക്കിയതിൻ്റെ ക്രഡിറ്റ് എ ടി ജോയ്ക്കാണ്. കൗമാരം എന്ന ചിത്രത്തിൽ ഷക്കീല അവതരിപ്പിക്കുന്ന കല്യാണിയുടെ അനിയത്തിയായി നല്ലൊരു ബിഗിനിംഗ് ജോയ് അവർക്ക് നൽകി. കൗമാരം കണ്ട പ്രേക്ഷകർക്ക് കല്യാണിയേക്കാൾ ഇഷ്ടപ്പെട്ടത് രേഷ്മയുടെ ദമയന്തിയെ ആണ്. ആ പ്രകടനമികവിൽ ജോയ് അടുത്ത സിനിമയിൽ രേഷ്മയ്ക്ക് ടൈറ്റിൽ ക്യാരക്ടറും നൽകി. അതാണ് ലൗലി. ലൗലി സൂപ്പർ ഹിറ്റായി. എ ടി ജോയിയുടെ തന്നെ നാലാം സിംഹത്തിലും രേഷ്മയ്ക്കായിരുന്നു പ്രാധാന്യം. നരസിംഹം എന്ന സിനിമയുടെ ടൈറ്റിൽ ഡിസൈൻ അനുകരിച്ച നാലാം സിംഹം മഹാബലിപുരത്താണ് ഷൂട്ടിംഗ് പൂർത്തിയായത്. കൗമാരം, രാക്കിളികൾ, കത്രീന എന്നീ ചിത്രങ്ങൾക്കു ശേഷം ജോയ്‌ ഷക്കീല കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നാലാമത്തെ ചിത്രമാണിത്. ജി.എസ്.സരസകുമാറിൻ്റെ ആലിലത്തോണിയാണ് ഏറ്റവും സൗന്ദര്യത്തോടെ രേഷ്മയെ ചിത്രീകരിച്ചത്. 2002-ൽ സുരേഷ് തച്ചൂരാൻ്റെ നിറപ്പകിട്ടിലും മോഹൻ തോമസിൻ്റെ അസുരയുഗത്തിലും നായികയായി. സുന്ദരിക്കുട്ടി, വിവാദം എന്നീ ചിത്രങ്ങളിലൂടെ 2003 ലും അവർ സൂപ്പർഹിറ്റുകൾ സൃഷ്ടിച്ചു. ഇപ്പോൾ മൈസൂരിൽ കുടുംബിനിയായി കഴിയുന്നു.