റെജു ശിവദാസ്
തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം സ്വദേശി. SKVHS കടമ്പാട്ട് കോണം സ്കൂൾ എഴിപ്രം സ്കൂൾ എന്നിവടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം. IGNOU യൂണിവേഴ്സിറ്റിയിൽ ഡിഗ്രിയും പഠിച്ചു എങ്കിലും നാടകപ്രവർത്തനവുമായി ബന്ധപ്പെട്ട് തിരക്കായിരുന്നതിനാൽ ഡിഗ്രി പൂർത്തിയാക്കാൻ ബാക്കിയുണ്ട്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ കഥാപ്രസംഗം പറഞ്ഞ് കൊണ്ടാണ് കലാരംഗത്തേക്ക് വരുന്നത്. പ്രൊഫഷണലായി കഥാപ്രസംഗ വേദികളിൽ പ്രവർത്തിച്ചെങ്കിലും അതുപേക്ഷിച്ച് ജീവിതമാർഗ്ഗത്തിനായി പല തൊഴിലുകളും ചെയ്തു. ഒരു LIC ഏജൻസി നന്നായി നടത്തിയെങ്കിലും ഒപ്പം നാടകപ്രവർത്തനം കൂടെക്കൊണ്ട് പോവാൻ കഴിയാത്തത് കാരണം അതുപേക്ഷിച്ച് മുഴുവൻ സമയവും നാടകത്തിനായി മാറ്റി വച്ചു.
പ്രധാനമായും കുട്ടികളുടെ തിയറ്ററിലാണ് പ്രവർത്തിച്ചിരുന്നത്. സംസ്ഥാന ലെവലിലും നാഷണൽ ലെവലിലുമായി നിരവധി കുട്ടികളുടെ നാടകങ്ങൾ പരിശീലിപ്പിച്ചു. കൊല്ലം പ്രകാശ് കലാകേന്ദ്രത്തിന്റെ നാടകങ്ങളിലും പ്രമോദ് പയ്യന്നൂരിന്റെ സംവിധാനത്തിലും സ്കൂൾ ഓഫ് ഡ്രാമയിലെ ചിൽഡ്രൻ തിയറ്റർ വിംഗിലെ സുനിൽ ജി വക്കത്തിന്റെ അസിസ്റ്റന്റായും പ്രവർത്തിച്ചു. സുനിൽ ജി വക്കത്തിന്റെ ശിക്ഷണമാണ് റെജുവിന്റെ നാടകാഭിനയം പരുവപ്പെടുത്തുന്നത്. അതിനു ശേഷം പി ജെ ഉണ്ണികൃഷ്ണന്റെ ശിഷ്യത്വത്തിൽ അദ്ദേഹം സംവിധാനം ചെയ്ത "ഉതുപ്പാണ്ടി കിണർ" എന്ന നാടകത്തിലെ പ്രധാന വേഷമായ ഉതുപ്പാനെ അവതരിപ്പിക്കുകയും അത് സംഗീത നാടക അക്കാദമി അവാർഡുകളിൽ മികച്ച രണ്ടാമത്തെ നാടകമായി തിരഞ്ഞെടൂക്കപ്പെടുകയും ചെയ്തിരുന്നു. അതിനു ശേഷം ശ്രീജിത്ത് രമണന്റെ "ഏകാന്ത"മെന്ന നാടകത്തിലും പ്രധാന വേഷവും കൈകാര്യം ചെയ്ത് നിരവധി ശ്രദ്ധേയമായ വേദികളിലും അത് അവതരിപ്പിച്ചു. ശ്രീജിത്തിന്റെ ശിക്ഷണവും റെജുവിന്റെ അഭിനയജീവിതത്തിൽ വലിയ പ്രാധാന്യം വഹിച്ചു.
ജി ആർ ഇന്ദുഗോപെനെന്ന സുപ്രസിദ്ധ കഥാകാരന്റെ തെക്കൻ തല്ലു കേസെന്ന കഥ സിനിമയാക്കി എൻ ശ്രീജിത്ത് ബിജു മേനോനെ നായകനാക്കിയ തെക്കൻ തല്ല് കേസെന്ന സിനിമയിലാണ് റെജു ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. സിനിമ പ്രധാനമായും വർക്കല, ആറ്റിങ്ങൽ ഭാഗങ്ങളിൽ ഷൂട്ട് ചെയ്യുന്നതിനാൽ അവിടുന്നുള്ള നാടക പരിചയമുള്ള നടീനടന്മാരെ തിരയുകയായിരുന്നു. റെജു ഡയറക്ഷൻ നിർവ്വഹിക്കുന്ന സാപിയൻസ് എന്ന ഗ്രൂപ്പിലെ പലരുടെയും ഫോട്ടോകളും വിവരങ്ങളും സിനിമയിൽ ഓഡീഷനു ലഭ്യമാക്കുന്നതിനൊപ്പം റെജുവിന്റെ വിവരങ്ങളും കൊടുത്തതിൽ നിന്നാണ് തെക്കൻ തല്ല് കേസിലേക്ക് റെജുവിന് പ്രഭക്കുട്ടൻ എന്ന തുടർനീള കഥാപാത്രം ലഭ്യമാവുന്നത്.
സിനിമയുടെ പ്രൊമോഷനു വേണ്ടി പുറത്തിറക്കിയ "പ്രേമനെയ്യപ്പം" എന്ന പാട്ടിൽ ഉടനീളം റെജുവിന്റെ പ്രഭക്കുട്ടന്റെയും കാമുകിയുടേയും രംഗങ്ങളായിരുന്നു ചിത്രീകരിക്കപ്പെട്ടിരുന്നത്. പാട്ട് സോഷ്യൽ മീഡിയകളിലടക്കം ഹിറ്റുമായിരുന്നു.
റെജുവിന്റെ മറ്റ് സിനിമകളുടെ ചർച്ചകൾ നടക്കുന്നു.
അച്ഛൻ ശിവദാസ് ( പരേതൻ), അമ്മ വനജാക്ഷി- അമ്മയും രണ്ട് ജേഷ്ഠന്മാരും അവരുടെ കുടുംബവുമൊക്കെ അടങ്ങുന്നതാണ് റെജുവിന്റെ കുടുംബം.
റെജുവിന്റെ ഫേസ്ബുക്ക് | ഇൻസ്റ്റഗ്രാം