രമേശ് നായിഡു

Ramesh Nayidu
പശുപ്പുലേട്ടി രമേഷ്‌ നായിഡു
പി.രമേഷ്‌ നായിഡു
കഥ: 1

പശുപ്പുലേട്ടി രമേഷ്‌ നായിഡു എന്ന സംഗീത സംവിധായകൻ. 1983-ഇൽ "മേഘസന്ദേശം" എന്ന തെലുഗു ചിത്രത്തിനു സംഗീതം നൽകിയതിന്‌ ദേശീയ അവാർഡു ലഭിച്ച അതുല്യ സംഗീതപ്രതിഭ. 
നമുക്ക്‌ ഇദ്ദേഹത്തെ രമേഷ്‌ നായിഡു എന്നു വിളിക്കാം. 
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ കൊണ്ടമ്പള്ളിയിലായിരുന്നു രമേഷ്‌ നായിഡുവിന്റെ ജനനം. 14-ആം വയസ്സിൽ ബോളിവുഡ്‌ സൂപ്പർ സംവിധായകൻ ബി. ആർ. ചോപ്രയുടെ കൈകളിലെത്തിയ രമേഷ്‌ നായിഡുവിന്‌ അദ്ദേഹം എച്ച്‌ എം വി മ്യൂസിക്‌ കമ്പനിയിൽ മ്യൂസിക്‌ ഇൻസ്ട്രുമെന്റേഷനിലും ഓർക്കസ്റ്റ്രേഷനിലും വിദഗ്ധപരിശീലനം നൽകി. 
മറാത്തി ചിത്രമായ "ബന്ദ്വാൽ പഹിജ"യായിരുന്നു രമേഷ്‌ നായിഡു സ്വതന്ത്രസംഗീത സംവിധായകനായ ആദ്യ ചിത്രം. ആദ്യമായി തെലുങ്കിൽ സംഗീതം നൽകിയ സിനിമ "ദാമ്പത്യ"വും. പിന്നീട്‌ മുംബൈയിലേക്കും അവിടുന്ന് കൽക്കട്ടയിലേക്കും താവളങ്ങൾ മാറി. തുടർന്ന് ബംഗാളി,നേപ്പാളി,ഒറിയ ഭാഷാചിത്രങ്ങൾക്കെല്ലാം സംഗീതസംവിധായകനായി.
1972-ഇൽ തെലുഗു സിനിമാലോകത്തേക്ക്‌ മടങ്ങിവന്ന രമേഷ്‌ നായിഡു അടുത്ത രണ്ടുദശകങ്ങൾ കൊണ്ട്‌ ഒട്ടനവധി സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ തീർത്തു. 83-ഇൽ "മേഘസന്ദേശം" ദേശീയ അവാർഡിനൊപ്പം ആ വർഷത്തെ മികച്ച സംഗീതസംവിധായകനുള്ള നന്ദി അവാർഡിനും അർഹമായിരുന്നു. 
മികച്ച സംഗീതസംവിധായകനെന്നതിലുപരി രമേഷ്‌ നായിഡു വിവിധങ്ങളായ സംഗീതോപകരണങ്ങളിൽ വിദഗ്ദ്ധനും അനുഗ്രഹീതനായ ഗായകനുമായിരുന്നു. 
തെലുഗുവിൽ ദസരി നാരായണ റാവു,വിജയനിർമ്മല തുടങ്ങിയ പ്രമുഖരോടൊപ്പം ചേർന്ന് അസംഖ്യം ഗാനങ്ങൾക്ക്‌ രമേഷ്‌ നായിഡു ജന്മം നൽകി. 
നമുക്ക്‌ സുപരിചിതരായ സംഗീത സംവിധായകരായ ലക്ഷ്മീകാന്ത്‌-പ്യാരേലാൽ ടീമിനെ അവതരിപ്പിച്ചതും പ്രശസ്ത വയലിനിസ്റ്റ്‌ യനമദ്ര നാഗയജ്ഞ ശർമ്മക്ക്‌ ആദ്യാവസരം നൽകിയതും രമേഷ്‌ നായിഡുവായിരുന്നു. 
ഇതൊക്കെയാണെങ്കിലും സംഗീതത്തിന്റെ പേരിലായിരിക്കില്ല മലയാളികൾ ഇദ്ദേഹത്തെ തിരിച്ചറിയുക. പകരം,അദ്ദേഹം സംഗീതം നൽകുകയും കഥയെഴുതുകയും ചെയ്ത ഒരു മലയാളചിത്രത്തിന്റെ പേരിലായിരിക്കും. 
മലയാളികളുടെ അഭിമാനമായ എം. ടി. സംഭാഷണമെഴുതിയ സിനിമ:"കാടിന്റെ മക്കൾ"!
1985-ലെ കുട്ടികൾക്കുള്ള ചിത്രത്തിനുള്ള ദേശീയ അവാർഡുലഭിച്ചത്‌ ഈ സിനിമയുടെ ഹിന്ദി മൊഴിമാറ്റപ്പതിപ്പായിരുന്ന "ആസാദീ കി ഓർ" എന്ന ചിത്രത്തിനായിരുന്നു. ഈ സിനിമയുടെ സംവിധായകൻ പ്രകാഷ്‌ കന്നഡയിൽ 80കളിലെ സൂപ്പർഹിറ്റ്‌ സംവിധായകനുമായിരുന്നു. ചുരുക്കത്തിൽ ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട,മൂന്നു തെന്നിന്ത്യൻ പ്രഗത്ഭരുടെ പ്രതിഭാസാന്നിദ്ധ്യമായ "കാടിന്റെ മക്കൾ" എന്ന സിനിമയുടെ ഉത്ഭവചരിത്രം പോലെ പ്രിന്റുകളുടെ അന്ത്യവും ദുരൂഹതകളിൽ അവസാനിക്കുന്നു.