രാമചന്ദ്രൻ മൊകേരി
1947 -ൽ കണ്ണൂർ ജില്ലയിലെ പാനൂർ മൊകേരിയിലാണ് രാമചന്ദ്രൻ ജനിച്ചത്. കണ്ണൂരിലെ പാനൂരിൽ നിന്ന് ഏഴാം ക്ലാസിൽ പഠനമവസാനിപ്പിച്ച് മദ്രാസിലേക്ക് വണ്ടികയറി ഹോട്ടൽ തൊഴിൽ ചെയ്യുന്നതിനിടയിൽ രാമചന്ദ്രനുമായി പരിചയപ്പെട്ട ചിത്രകാരൻ എം.വി. ദേവനാണ് അദ്ദേഹത്തെ സ്‌കൂൾ വിദ്യാഭ്യാസം തുടരേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തിയത്. രണ്ടു വർഷത്തിനുശേഷം വീണ്ടും അവിടുത്തെ സ്‌കൂളിൽ ചേരുകയായിരുന്നു. മദ്രാസ് ക്രിസ്ത്യൻ സ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഷേക്‌സ്പിയറിന്റെ "മാക്ബത്തിൽ" അഭിനയിച്ചു കൊണ്ടാണ് അരങ്ങിൽ രാമചന്ദ്രൻ മൊകേരിയുടെ തുടക്കം. തുടർന്ന് വില്യം മോറിസന്റെ "ലിറ്റിൽ ഷേക്‌സ്പിയർ" എന്ന നാടക സംഘത്തിൽ ചേർന്ന് ബ്രിട്ടീഷ് കൗൺസിലിൽ നാടകാവതരണം.
എഴുപതുകളിലെ ക്ഷുഭിത യൗവ്വനത്തിന്റെയും തീവ്ര ഇടതുപക്ഷത്തിന്റെയും സാംസ്‌കാരിക വേദിയുടെയും ഇടങ്ങളിലൂടെ സഞ്ചരിച്ച രാമചന്ദ്രൻ മൊകേരി തമിഴ്നാട്ടിലെ തെരുക്കൂത്ത് മാതൃകയിൽ തെണ്ടിക്കൂത്ത് എന്നൊരു കലാരൂപം സൃഷ്ഠിച്ചു. ആദ്യം തെണ്ടിക്കൂത്ത് എന്ന് ഉപയോഗിച്ചിടത്തുനിന്ന് പിന്നീട് തെണ്ടിപ്പട്ടിക്കൂത്തായി. പിന്നീട് ഡോഗ്‌സ് ഓപ്പറ ഇന്ത്യൻ ഫ്രാക്‌മെന്റോസ് എന്ന് വിളിച്ചു. ഇങ്ങനെയുള്ള പ്രകടനങ്ങളിലൂടെയാണ് മൊകേരി തന്റെ സാന്നിദ്ധ്യം തിയറ്റർ സ്‌പെയ്‌സിൽ അടയാളപ്പെടുത്തിയത്. നാടകകളിയുടെ ഊർജവും തുടർന്നുള്ള യൂനിവേഴ്‌സിറ്റി പഠനവും രാമചന്ദ്രൻ മൊകേരിയെ തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടർ പദവി വരെ എത്തിച്ചു. ചില ഓഫ് ബീറ്റ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അമ്മ അറിയാൻ, ഒരേ തൂവൽപ്പക്ഷികൾ.. എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ രാമചന്ദ്രൻ മൊകേരി അഭിനയിച്ചു.
2022 സെപ്റ്റംബറിൽ രാമചന്ദ്രൻ മൊകേരി അന്തരിച്ചു. ഭാര്യ ഉഷ, മക്കൾ മനു, ജോൺസ്.